∙ കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാർ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നു വില കൂടിയ വൈദ്യുതി വാങ്ങുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നു.
ചില സംസ്ഥാനങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് പവർ എക്സ്ചേഞ്ചിലെ വില കുറയുകയും ആവശ്യത്തിനു വൈദ്യുതി ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇന്നും പ്രശ്നമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നത തല യോഗം ഇന്നു മൂന്നരയ്ക്കു ചേരും
കേന്ദ്ര നിലയങ്ങളിലെ തകരാർ മൂലം ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നത് ഇന്നലെ പരിഹരിച്ചു. എന്നാൽ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാറുകൾ അനുസരിച്ച് തുടർന്നും വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും ഉൽപാദക കമ്പനികൾ വൈദ്യുതി നൽകാൻ തയാറല്ല. ഈ സാഹചര്യത്തിൽ തുടർന്നും പവർ എക്സ്ചേഞ്ചിനെ ആശ്രയിക്കുക മാത്രമാണ് പോംവഴി. കോടികളുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ബംഗാളിലും മറ്റും മഴ ലഭിച്ചതിനാൽ എക്സ്ചേഞ്ചിലെ വില കുറഞ്ഞിട്ടുണ്ട്. പുറത്തു നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡർ സെപ്റ്റംബർ 4ന് തുറക്കുമ്പോൾ ന്യായ വിലയ്ക്ക് മതിയായ വൈദ്യുതി ലഭിച്ചാൽ മാത്രമേ വരും മാസങ്ങളിൽ ലോഡ് ഷെഡിങ് ഒഴിവാകൂ.