24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം
Kerala

ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം

കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. തോരാമഴപെയ്യുന്ന വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക്‌ നീങ്ങും. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാർഷികമേഖലയിൽ ഉൾപ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളി ആഘോഷങ്ങളുടെ പൊലിമ കുറയാതെ കാക്കും.

ഓണാഘോഷത്തിന്റെ പൂവിളിയുമായി ചിങ്ങം നാല്‌ (ആഗസ്‌ത്‌ 20) ഞായറാഴ്‌ച അത്തമെത്തും. തുടർന്നുള്ള പത്തുദിവസം മലയാളിക്ക്‌ ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങം പതിമൂന്നിനാ (ആഗസ്‌ത്‌ 29)ണ്‌ ഇത്തവണ തിരുവോണം. അല്ലലില്ലാത്ത ഓണാഘോഷത്തിന്‌ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്‌.

കർഷകർക്ക്‌ ചിങ്ങസമ്മാനമായി ‘കാബ്‌കോ’
കാർഷിക, വിപണന സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) വ്യാഴാഴ്‌ച പ്രവർത്തനം തുടങ്ങും. നിശാഗന്ധിയിൽ പകൽ രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. കമ്പനി രൂപീകരിക്കാൻ ആഗസ്‌ത്‌ രണ്ടിന്‌ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. റെക്കോഡ് വേഗത്തിലാണ്‌ കമ്പനി രജിസ്‌റ്റർ ചെയ്‌ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. കാർഷിക ഉൽപ്പന്നങ്ങൾ കേരൾ അഗ്രോ എന്ന പേരിൽ വിപണിയിൽ എത്തിക്കും. അന്തർ ദേശീയ കയറ്റുമതി/വിപണന പ്രവർത്തനങ്ങളിൽ കർഷകരെ പ്രാപ്തരാക്കും. വിവിധ സ്ഥലങ്ങളിൽ വിതരണ ശൃംഖല പോയിന്റുകൾ സ്ഥാപിച്ച്‌ കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും അഗ്രോ പാർക്കുകളിലേക്ക്‌ അയക്കുകയും ചെയ്യും.

കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്‌ ലിമിറ്റഡ്‌ (സിയാൽ) മാതൃകയിലായിരിക്കും കാബ്‌കോയുടെ പ്രവർത്തനം. സർക്കാരിന്‌ 33ശതമാനമായിരിക്കും ഓഹരി വിഹിതം. കൃഷി മന്ത്രി പി പ്രസാദ്‌ ആണ്‌ കമ്പനി ചെയർമാൻ. വഴുതക്കാട്‌ ട്രാൻസ്‌ ടവറിലെ മൂന്നാംനിലയിലാണ്‌ ഓഫീസ്‌.

Related posts

ഷ​വ​ര്‍​മ ക​ട​ക​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ഉദ്‌ഘാടനം ഇന്ന്‌: ഓണക്കിറ്റ്‌ വിതരണം നാളെമുതൽ

Aswathi Kottiyoor

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി.

Aswathi Kottiyoor
WordPress Image Lightbox