23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മഴ കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
Kerala Uncategorized

മഴ കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

മഴ കുറവിനെ തുടർന്ന് പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകും. നിലവിൽ യൂനിറ്റിന് 19 പൈസ വീതം സർചാർജ് ഈടാക്കുന്നുണ്ട്. തുടർന്നും സർചാർജ് നൽകേണ്ടി വരും. സർചാർജ് ഉയർന്നതാണെങ്കിൽ റെഗുലേറ്ററി കമീഷൻ അംഗീകരിച്ചാൽ പിന്നീട് നിരക്ക് വർധനയുമുണ്ടാകും. ഇക്കൊല്ലം മുതൽ നാലു വർഷത്തേക്ക് നിരക്ക് ഉയർത്താനുള്ള ബോർഡിന്‍റെ അപേക്ഷയിൽ ഉടൻ തീരുമാനം വരും. ഇതിൽ തെളിവെടുപ്പ് അടക്കം പൂർത്തിയാക്കി റെഗുലേറ്ററി കമീഷൻ വർധന പ്രഖ്യാപിക്കാൻ ഇരിക്കെയാണ് വർധന കോടതി തടഞ്ഞത്. കോടതിയുടെ വിലക്ക് നീങ്ങിയാലുടൻ വർധന പ്രാബല്യത്തിൽ വരും. പുറമെ, വൈദ്യുതി കണക്ഷനുള്ള നിരക്കുകളും വൈകാതെ ഉയർത്തും.

വൈദ്യുതിരംഗത്തെ പ്രതിസന്ധി നേരിടാൻ ബുധനാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നിരക്ക് വർധനയോ നിയന്ത്രണം ഏർപ്പെടുത്തലോ പരിഗണനയിലില്ലെന്ന് മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച 83.47 ദശലക്ഷം വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. ഇതിൽ 68.90 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങിയതാണ്. സംസ്ഥാനത്തെ ഉൽപാദനം 14.57 യൂനിറ്റ് മാത്രമാണ്. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില ഉയരുകയാണ്. ദീർഘകാല വാങ്ങൽ കരാറുകൾക്ക് റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ചതോടെ പകരംവാങ്ങുന്ന വൈദ്യുതിക്കുതന്നെ ഉയർന്ന വില നൽകേണ്ടി വരുന്നുണ്ട്.

ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം കെ.എസ്.ഇ.ബിയുടെ എല്ലാ സംഭരണികളിലുമായി 1537 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമേയുള്ളൂ. കഴിഞ്ഞ വർഷം ഇതേസമയം 3438 ദശലക്ഷം യൂനിറ്റിന് വെള്ളമുണ്ടായിരുന്നു. 1901 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്. ഇപ്പോൾ അണക്കെട്ടുകൾ നിറഞ്ഞുകിടന്നാലേ വർഷം മുഴുവൻ വൈദ്യുതി വിതരണം ക്രമീകരിക്കാൻ കഴിയുകയുള്ളൂ. തുലാവർഷം കൂടി ദുർബലമായാൽ കടുത്ത പ്രതിസന്ധിയിലേക്കാകും സംസ്ഥാനം പോവുക. താപ വൈദ്യുതി കൂടുതൽ വാങ്ങിയാൽ ബാധ്യത കൂടും. അല്ലെങ്കിൽ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കുത്തനെ കുറയുകയാണ്. 3.36 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് തിങ്കളാഴ്ച ഒഴുകിയെത്തിയത്. മിക്ക അണക്കെട്ടുകളിലും ജല നിരപ്പ് താഴെയാണ്. ഇടുക്കി 32, പമ്പ-കക്കി 34, ഷോളയാർ 62, ഇടമലയാർ 42, കുണ്ടള 67, മാട്ടുപ്പെട്ടി 52, കുറ്റ്യാടി 33, താരിയോട് 61, ആനയിറങ്കൽ 25, പൊന്മുടി 49, നേര്യമംഗലം 49, പെരിങ്ങൽ 58, ലോവർ പെരിയാർ 64 എന്നിങ്ങനെയാണ് ജലനിരപ്പ് ശതമാനം.നിലവിൽ നിരക്ക് കൂട്ടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവില്‍ കൂട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോര്‍ഡ് യോഗ ശേഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധന ബോര്‍ഡോ സര്‍ക്കാറോ അല്ല തീരുമാനിക്കുന്നത്. റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. നിലവില്‍ അത് പരിഗണനയിലില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. രണ്ട് ദിവസം മഴ പെയ്താല്‍ നിരക്കു കൂട്ടേണ്ടി വരില്ല. മഴയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. വാങ്ങുന്ന വിലക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ബുധനാഴ്ചത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

Related posts

സാമ്പത്തിക പ്രതിസന്ധി: പണം ചെലവാക്കുന്നതിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox