2013 ൽ കെഎസ്ഇബി കമ്പനിയാക്കിയപ്പോൾ ഒപ്പുവച്ച ത്രികക്ഷി കരാർ അനുസരിച്ച്, ഉപയോക്താക്കളിൽനിന്നു പിരിക്കുന്ന ഡ്യൂട്ടി (തീരുവ) 10 വർഷത്തേക്ക് എടുക്കാൻ കെഎസ്ഇബിക്കു സർക്കാർ അനുമതി നൽകിയിരുന്നു. പെൻഷൻ ഫണ്ട് രൂപീകരിച്ച് ഇൗ തുക അതിലേക്കുള്ള സർക്കാർ വിഹിതമായി കണക്കാക്കണമെന്നായിരുന്നു വ്യവസ്ഥ. തികയാത്ത തുക സർക്കാരും കെഎസ്ഇബിയും തുല്യമായി പങ്കിടാനും തീരുമാനിച്ചു. ഇൗ വർഷം ഒക്ടോബർ 31നു കരാർ കാലാവധി അവസാനിക്കും. ഇതോടെ, വൈദ്യുതി തീരുവ നവംബർ 1 മുതൽ സർക്കാരിലേക്കുള്ള വരുമാനമാക്കാൻ കഴിഞ്ഞ ബജറ്റിൽ നിർദേശം വച്ചിരുന്നു. വൈദ്യുതിക്ക് ജിഎസ്ടി ഇല്ലാത്തതിനാൽ സർക്കാരിനവകാശപ്പെട്ട നികുതിയാണിത്.
ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടുന്ന ലോ ടെൻഷൻ വിഭാഗത്തിന്റെ വൈദ്യുതി ചാർജിന്റെ 10%, ഹൈടെൻഷൻ ഉപയോക്താക്കളുടെ ചാർജിന്റെ 5% എന്നിങ്ങനെയാണു ഡ്യൂട്ടി പിരിക്കുന്നത്. ഹൈ ടെൻഷൻ ഉപയോക്താക്കളുടെ ഡ്യൂട്ടി 3% ആയിരുന്നതു കഴിഞ്ഞ ബജറ്റിലാണു 5% ആയിയത്. 10 വർഷം കൊണ്ട് 7000 കോടി രൂപയോളം ഡ്യൂട്ടി ഇനത്തിൽ കെഎസ്ഇബി പിരിച്ചെടുത്തു. 800–850 കോടി രൂപയായിരുന്നു പ്രതിവർഷം ലഭിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ നിരക്കുവർധനയ്ക്കു ശേഷമാണ് ഇത് 1000 കോടി രൂപയ്ക്കടുത്തെത്തിയത്.
ഡ്യൂട്ടി സർക്കാരിലേക്ക് അടയ്ക്കാനുള്ള തീരുമാനം കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി െക. കൃഷ്ണൻകുട്ടി ധനമന്ത്രിക്കു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നു. ബോർഡിനു നൽകുന്ന ഡ്യൂട്ടി സാധാരണക്കാർക്കുള്ള സബ്സിഡി, പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം എന്നിവയിൽ തട്ടിക്കിഴിക്കുകയാണു ചെയ്യുന്നത്. ഡ്യൂട്ടി ഇല്ലാതാകുമ്പോൾ സബ്സിഡി ഇല്ലാതാവും, ഇതു ചാർജ് വർധനയ്ക്കു കാരണമാവും, പെൻഷൻ വിതരണത്തെയും ഇതു ഗുരുതരമായി ബാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.