ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ സീതാലക്ഷ്മി, വിവിധ ആശുപത്രികളിലെ ചികിത്സകൾക്കു ശേഷം ഒരാഴ്ച മുൻപാണ് ഉപകരണങ്ങളുടെ സഹായത്തോടെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയത്. രാജമല ആശുപത്രിക്കു സമീപമുള്ള ലയത്തിലാണു കറുപ്പായിയും മകളും ഇപ്പോൾ താമസിക്കുന്നത്. മകളെ പരിപാലിക്കുന്നതിനായി വീടിനോടു ചേർന്നുള്ള ഫീൽഡിലാണു കണ്ണൻദേവൻ കമ്പനി കറുപ്പായിക്കു ജോലി ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നു 4 കിലോമീറ്റർ അകലെയാണു ദുരന്തഭൂമി.
ജോലിയുടെ ഇടവേളകളിൽ കറുപ്പായി നടന്നു തന്റെ വീടിരുന്ന സ്ഥലത്തെത്തും. ചന്ദനത്തിരികളും മെഴുകുതിരിയും കത്തിച്ചു പ്രാർഥിച്ചു പൊട്ടിക്കരയും. ദുരന്തത്തിൽപെട്ട കസ്തൂരി (26), കസ്തൂരിയുടെ മകൾ പ്രിയദർശിനി (6) എന്നിവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ദുരന്തസമയത്തു ലയത്തിനു സമീപമുളള ശുചിമുറിയിലേക്കു പോയതിനാലാണു കറുപ്പായി രക്ഷപ്പെട്ടത്.