25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം
Kerala

അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം

അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ രാജ്യത്തെ 1,275 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കും. ഇതിൽ 508 സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിന്‌ ഞായറാഴ്‌ച തുടക്കമാകും. രാവിലെ 10.45ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പാലക്കാട്‌ ഡിവിഷൻ ഡിആർഎം ആർ ആനന്ദ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിവിഷനിലെ ഷൊർണൂർ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്‌, മംഗളൂരു ജങ്ഷൻ എന്നീ സ്‌റ്റേഷനുകളിലെ നവീകരണത്തിനാണ്‌ ഞായറാഴ്‌ച കല്ലിടുന്നത്‌. പ്രാദേശിക ഉദ്‌ഘാടനവും ഉണ്ടാകും. പാലക്കാട്‌ ഡിവിഷനിൽമാത്രം 230 കോടി രൂപയുടെ നവീകരണത്തിനാണ്‌ അംഗീകാരം ലഭിച്ചത്‌. 2024 മാർച്ചിൽ പദ്ധതി പൂർത്തിയാക്കും.

പാലക്കാട്‌ ഡിവിഷനുകീഴിൽ സംസ്ഥാനത്ത്‌ 14ഉം കർണാടകത്തിൽ രണ്ടും തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്നുവീതവും സ്‌റ്റേഷനുകളാണ്‌ ഒന്നാംഘട്ടത്തിൽ നവീകരിക്കുന്നത്‌. കൂടാതെ തിരുവനന്തപുരം ഡിവിഷനിലെ 22ഉം മധുര ഡിവിഷനിലെ ഒരു സ്റ്റേഷനും ഉൾപ്പെടും.

നടപ്പാലങ്ങൾ, ലിഫ്റ്റ്‌, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും യാത്രക്കാർക്ക്‌ അറിയാൻ കഴിയുന്ന സംയോജിത സംവിധാനം, പ്ലാറ്റ്ഫോമിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കാത്തിരിപ്പുമുറികളുടെ നവീകരണം, വിശ്രമ മുറികളിൽ മോഡുലാർ ടോയ്‌ലെറ്റ്‌, യാത്രക്കാർക്ക്‌ ഇരിക്കാൻ സൗകര്യപ്രദമായ ഫർണിച്ചർ, പ്ലാറ്റ്‌ ഫോമുകളിൽ കൂടുതൽ മേൽക്കൂര, കുടിവെള്ള സംവിധാനം, സുരക്ഷ വർധിപ്പിക്കൽ, ഊർജം–- വെള്ളം എന്നിവയുടെ ഫലപ്രദ ഉപയോഗം, മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയ നവീകരണങ്ങളാണ്‌ നടപ്പാക്കുകയെന്ന്‌ ഡിആർഎം പറഞ്ഞു.

എഡിആർഎം സി ടി സക്കീർഹുസൈൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ. അരുൺ തോമസ്‌ കളത്തിക്കൽ, സീനിയർ ഡിവിഷണൽ എൻജിനിയർ (കോ–-ഓർഡിനേഷൻ) പെരുമാൾ നന്ദലാൽ, ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ (ഗതിശക്തി) എ വി ശ്രീകുമാർ, അസിസ്‌റ്റന്റ്‌ ഇലക്‌ട്രിക്കൽ എൻജിനിയർ (ജനറൽ സർവീസ്‌) പി പി മാധവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

വാക്സിൻ നയം: നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

വാഹനത്തിനുള്ളില്‍ വരെ കാണാം; വരുന്നു 700 പുതിയ ക്യാമറകള്‍

Aswathi Kottiyoor

തീ​പി​ടി​ച്ച് ഇ​ന്ധ​ന​വി​ല; പെ​ട്രോ​ളി​ന് 95 രൂ​പ ക​ട​ന്നു……….

Aswathi Kottiyoor
WordPress Image Lightbox