24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • 84–ാം വയസ്സിൽ ഭാരതിയുടെ വിലാസം: ‘നിരപരാധി’
Uncategorized

84–ാം വയസ്സിൽ ഭാരതിയുടെ വിലാസം: ‘നിരപരാധി’

പാലക്കാട് ∙ 80–ാം വയസ്സിൽ, ചെയ്യാത്ത തെറ്റിന്റെ പേരിൽ പ്രതിയായി കോടതി കയറിയ 4 വർഷം. അറസ്റ്റും ജയിലും ദുഃസ്വപ്നം കണ്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. ഒടുവിൽ 84–ാം വയസ്സിൽ ഭാരതിയമ്മ നിരപരാധിയെന്നു വിധി. ഒരു വിലാസം കൊണ്ടുവന്ന ദുരിതം കടന്ന ഈ അമ്മയ്ക്ക് ഇനി ധൈര്യമായി ഉറങ്ങാം.
1998 ൽ നടന്ന അതിക്രമക്കേസിൽ പിടിയിലായ മറ്റൊരു സ്ത്രീ തന്റെ വിലാസം പൊലീസിനു നൽകി കടന്നുകളഞ്ഞതാണു കുനിശേരി സ്വദേശി ഭാരതിയമ്മയെ പ്രതിയാക്കിയത്. തിരുനെല്ലായി വിജയപുരം കോളനിയിലെ രാജഗോപാലും അച്ഛൻ കെ.ജി.മേനോനുമായിരുന്നു പരാതിക്കാർ. ഇവരുടെ വീട്ടിൽ ജോലിക്കു നിന്ന ഭാരതി എന്ന സ്ത്രീ വീട്ടിലെ ചെടിച്ചട്ടികളും ജനാലയും അടിച്ചു തകർക്കുകയും കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ചെയ്തതോടെ പൊലീസ് കേസായി. ഭാരതിയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ നിന്നു ജാമ്യമെടുത്ത പ്രതി മുങ്ങി. പഴയ കേസ് തീർപ്പാക്കാൻ ‘ഭാരതിയമ്മ, വടക്കേത്തറ, മഠത്തിൽ വീട്, കുനിശ്ശേരി’ എന്ന വിലാസത്തിൽ പൊലീസെത്തിയതോടെയാണു താൻ പ്രതിയാണെന്നു ഭാരതിയമ്മ അറിഞ്ഞത്. തമിഴ്നാട് സർക്കാരിൽ എക്സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ച ഭർത്താവ് ജനാർദനൻ 38 വർഷം മുൻപു മരിച്ച ശേഷം ഭാരതിയമ്മ ഒറ്റയ്ക്കാണു താമസം. മക്കളില്ല. കേസ് നിഷേധിച്ച ഭാരതിയെ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് ഭീഷണിപ്പെടുത്തി. ഭയന്ന അവർ 2019 സെപ്റ്റംബർ 25നു പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജാമ്യമെടുത്തു. പ്രതി താനല്ലെന്നു കാട്ടി കോടതിയിൽ അപേക്ഷ നൽകി.

ഭാരതിയമ്മയുടെ ബന്ധുക്കൾ തന്നെ പരാതിക്കാരുടെ വീട്ടിൽ എത്തി സംഭവം പറഞ്ഞു. സമൻസ് കിട്ടുമ്പോൾ കോടതിയിലെത്തി പറഞ്ഞോളാമെന്ന നിലപാടിലായിരുന്നു പരാതിക്കാർ. കേസു നീണ്ടു. ഇതിനിടെ പരാതിക്കാരിലൊരാളായ കെ.ജി.മേനോൻ മരിക്കുകയും ചെയ്തു.

ഒടുവിൽ, രാജഗോപാൽ ഇന്നലെ കോടതിയിൽ ഹാജരായി പരാതി പിൻവലിച്ചതോടെ 84ാം വയസ്സിൽ ഭാരതിയമ്മ ‘നിരപരാധിയായി.’ ഈ കേസിലെ പ്രതിയായ ഭാരതി 1994 ൽ വീട്ടിലെത്തി തന്റെ വീടാണ് ഇതെന്ന് അവകാശപ്പെട്ടു വഴക്കിട്ടിരുന്നതായി ഭാരതിയമ്മ പറയുന്നു. ഈ സംഭവത്തിൽ ഭാരതിയമ്മ ആലത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

Related posts

*സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു*

Aswathi Kottiyoor

പൊന്നാനി ബോട്ട് അപകടം; അന്വേഷണം തുടങ്ങി, കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും

Aswathi Kottiyoor

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

Aswathi Kottiyoor
WordPress Image Lightbox