25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആശങ്കവേണ്ട പരാതിക്കെല്ലാം പരിഹാരമുണ്ട്‌
Kerala

ആശങ്കവേണ്ട പരാതിക്കെല്ലാം പരിഹാരമുണ്ട്‌

ചികിത്സാ സഹായം, കടബാധ്യത ഒഴിവാക്കൽ, കുളം–- റോഡ് –- ഭവനനിർമാണം, ബിപിഎൽ കാർഡ്, ജോലി സ്ഥിരപ്പെടുത്തൽ, തൊഴിൽ പ്രശ്നങ്ങൾ, അധ്യാപകനിയമനം തുടങ്ങി പലവിധ പരാതികളുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയവർ മടങ്ങിയത് ആശ്വാസത്തോടെ. ആവശ്യങ്ങൾ ശ്രദ്ധാപൂർവം കേട്ടശേഷം പരിശോധിച്ച് പരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്‌.
പിണറായി കൺവൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കൽ. റവന്യു വകുപ്പ്‌ ഓഫീസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരിക്കെ മകൻ മരിച്ചതിനാൽ, ആശ്രിത പെൻഷൻ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു പെരളശേരി കോട്ടത്തെ കാടാങ്കോട്ട് മാധവിയുടെ (86) അപേക്ഷ. പ്രമേഹം ബാധിച്ച് ഏഴുമാസംമുമ്പ്‌ ഒരു കാൽ നഷ്ടപ്പെട്ട കീഴറ ശ്വാദ മൻസിൽ മൻസൂർ, ഒരു മുച്ചക്രവാഹനം ആവശ്യപ്പെട്ടാണെത്തിയത്‌. കോളാട് ചന്ദ്രോത്ത്പറമ്പിലെ പടിക്കൽ സൗമിനിക്ക് പരാതിയൊന്നുമില്ല, മുഖ്യമന്ത്രിയെ ഒന്ന് കണ്ടാൽമാത്രം മതി. കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ കണ്ണാടിച്ചാൽ ശിവഗംഗയിൽ അദ്വൈത് എസ് പവിത്രന്‌ തന്റെ കവിതാസമാഹാരം സമ്മാനിക്കണമെന്നാണ്‌ ആഗ്രഹം. വേങ്ങാട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ 33 കെവി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുമെത്തി. വൈവിധ്യമാർന്ന നിരവധി വിഷയങ്ങളാണ് പരാതിക്കാർ ഉന്നയിച്ചത്. പരാതികൾ പരിശോധിച്ച് സത്വരനടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഞായർ രാവിലെ 9.30ന് തുടങ്ങിയ പരാതി സ്വീകരിയ്‌ക്കൽ പകൽ 12.30വരെ നീണ്ടു. ടോക്കണേർപ്പെടുത്തിയായിരുന്നു നടപടിക്രമം. ആകെ 550 പരാതി ലഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്കൊപ്പം പാലക്കാട്‌, കൊല്ലം, തൃശൂർ ജില്ലകളിൽനിന്നും പരാതിക്കാരെത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ കെ പ്രദീപൻ, എൻ കെ സിജിൻ, സിപിഐ എം ഏരിയാ സെക്രട്ടറിമാരായ കെ ശശിധരൻ, എം കെ മുരളി എന്നിവരും പങ്കെടുത്തു.

Related posts

ആറു മാസത്തിനിടെ പതിനായിരത്തിലേറെ പേരെ നാടുകടത്തി കുവൈറ്റ്

Aswathi Kottiyoor

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന് (മെയ് 1)

Aswathi Kottiyoor

വന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

Aswathi Kottiyoor
WordPress Image Lightbox