മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തോടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ച 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സമിതി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എബിസി സെന്റർ തുടങ്ങുന്നതിന് പഞ്ചായത്തുകൾ ഒരുലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകൾ രണ്ട് ലക്ഷം രൂപ വീതവും നിർബന്ധമായും വകയിരുത്തണമെന്ന് യോഗം നിർദേശിച്ചു. കൂത്തുപറമ്പിലെ വലിയവെളിച്ചത്ത് പുതിയ എബിസി സെന്റർ തുടങ്ങുന്ന പശ്ചാത്തലത്തിൽ സെന്ററിന്റെ പരിധിയിലും സമീപപ്രദേശങ്ങളിലുംപെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ കൂടുതൽ തുക വകയിരുത്താനും യോഗം നിർദ്ദേശിച്ചു. തദ്ദേശഭരണ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക യോഗം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിളിച്ചുചേർക്കും.
കണ്ണൂർ കോർപറേഷൻ കരട് മാസ്റ്റർ പ്ലാൻ പരിശോധനാ സമിതി റിപ്പോർട്ട് യോഗം അംഗീകരിച്ചു. മേയർ ടി ഒ മോഹനൻ, കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ കെ രത്‌നകുമാരി, ടി സരള, കെ താഹിറ, കെ വി ലളിത, കെ വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.