ഇരിട്ടി: ഉദ്യോഗസ്ഥ നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ മൂലം ഭരണം പ്രതിസന്ധിയിലായ അയ്യൻകുന്നിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക്. പഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറി നിലനില്‌ക്കെ ഇയാൾക്ക് സെക്രട്ടറിയുടെ ചുമതല നൽകാതെ പഞ്ചായത്തിൽ നിന്നും 20-ൽ അധികം കിലോമീറ്റർ അകലെയുള്ള പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ചുമതല നൽകിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പഞ്ചായത്ത് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും പത്ര സമ്മേളനത്തിൽ ആരോപിച്ചു.
അയ്യൻകുന്ന് പഞ്ചായത്തിനോട് അതിരിടുന്ന ആറളം, പായം പഞ്ചായത്തുകളിൽ സെക്രട്ടറി നിലനില്‌ക്കെ അവർക്കൊന്നും അയ്യൻകുന്നിന്റെ ചുമതല നല്കാതെ കിലോമീറ്റർ അകലെയുള്ള പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത് ഭരണ സമതിയേയും ജനങ്ങളേയും പരമാവധി ബുദ്ധിമൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ആരോപിച്ചു. സെക്രട്ടറി ഉൾപ്പെടെ പഞ്ചായത്തിൽ നിന്നും എട്ടുപേരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് സ്വദേശിയെ പുതിയ സെക്രട്ടറിയായി അയ്യൻകുന്നിലേക്ക് നിയമിച്ചെങ്കിലും ആനാരോഗ്യം മൂലം ഇയാൾ ഇതുവരെ ചാർജ്ജ് എടുത്തിട്ടില്ല. സ്ഥലം മാറ്റിയ മറ്റ് ജീവനക്കാർക്ക് പകരം നിയമനവും ഉണ്ടായിട്ടില്ല. ജൂനിയർ ക്ലാർക്ക് തസ്തികയിൽ മൂന്ന് പേരെ സ്ഥലം മാറ്റിയപ്പോൾ പകരം ഒരാളെയാണ് നിയമിച്ചത്. അകൗണ്ടന്റിനെ സമീപ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റുകയും ഉടൻ തന്നെ ചാർജ്ജ് എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ അയ്യൻകുന്നിലേക്ക് സ്ഥലം മാറ്റിയ അകൗണ്ടിനോട് പകരം ജീവനക്കാരൻ എത്തിയ ശേഷം ഇവിടെ നിന്നും ഒഴിവായാൽ മതിയെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ശരിയായ നിലപാട് എടുക്കാതെ ചിലരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിന്റെ ഗെയിറ്റ് അടച്ചിടുന്ന സംഭവം ഉണ്ടായത് അംഗീകരിക്കാൻ കഴിയാത്തതാണ്. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഫോണിലൂടെയും പരാതികളിലൂടേയും അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്ര സമ്മേളനത്തിൽ പ്രസിഡന്റിന് പുറമെ വൈസ്.പ്രസിഡന്റ് ബീനറോജസ് , ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി വിശ്വനാഥൻ മറ്റ് അംഗങ്ങളായ സജി മച്ചിത്താനി, സീമ സനോജ്, സെലീന ബിനോയി, എൽസമ്മ ജോസഫ്, സിന്ധു ബെന്നി എന്നിവരും പങ്കെടുത്തു.