കോളയാട് :നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി റീ ബിൽഡ് കേരളയുടെ നേതൃത്വത്തിൽ ഐടി മിഷന്റെയും ഹരിതകേരള മിഷന്റെയും സഹായത്തോടെ പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപെടുത്തിയ “മാപ്പത്തോൺ”പദ്ധതിയുടെ മാപ്പ് അവതരണവും തുടർ പ്രവർത്തന ആസൂത്രണവും ജില്ലാതലത്തിൽ തുടക്കമായി.
കോളയാട് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം റിജി അധ്യക്ഷയായി. നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ മാപ്പ് അവതരിപ്പിച്ചു.
ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്നുള്ള 17 പഞ്ചായത്തുകളിലെ മുഴുവൻ നീർച്ചാലുകളും ഡിജിറ്റൽ രൂപത്തിൽ മാപ്പ് ചെയ്തിട്ടുണ്ട്.ഓരോ പഞ്ചായത്തിലും അവതരണവും തുടർപ്രവർത്തനവും ആഗസ്റ്റ് മാസത്തിൽ അവലോകനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗം വി ഗീത,ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാർ,വൈസ് പ്രസിഡന്റ് കെ ഇ സുധീഷ് കുമാർ,പഞ്ചായത്തംഗം റോയ് പൗലോസ്,സെക്രട്ടറി പ്രീത ചെറുവളത്ത് തുടങ്ങിയവർ സംസാരിച്ചു.