ഭക്ഷ്യസംസ്കരണ മേഖലയിൽ സൂക്ഷ്മ സംരംഭങ്ങൾക്ക് മുതൽ മുടക്കിന്റെ 35 ശതമാനംവരെ സബ്സിഡിയോടെ സംരംഭക മൂലധന വായ്‌പ നൽകുന്ന പദ്ധതി മികവോടെ നടപ്പാക്കി സംസ്ഥാന വ്യവസായവകുപ്പ്. പദ്ധതിയിൽ 1233 സംരംഭത്തിന് സബ്‌സിഡി അനുവദിച്ചു. ഇതിൽ 581 യൂണിറ്റിന് 15.09 കോടി രൂപ കൈമാറി. പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷംവരെയാണ് സബ്‌സിഡി നൽകുന്നത്.
ഇതിനു പുറമെ കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ ഭക്ഷ്യസംസ്കരണ യൂണിറ്റുകളിലെ ഓരോ വ്യക്തിക്കും 40,000 രൂപ വീതം സീഡ് ഫണ്ടും ലഭിക്കും.
പ്രാദേശിക തലത്തിൽ കാർഷിക- ഭക്ഷ്യസംസ്കരണവുമായി മുന്നോട്ടുപോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ), സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി), സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനവും പിന്തുണയും പദ്ധതിയിലൂടെ ലഭിക്കും. സംസ്ഥാന വ്യവസായ വകുപ്പാണ് പദ്ധതിയുടെ നോഡൽ ഡിപ്പാർട്ട്‌മെന്റ്. വകുപ്പിനു കീഴിലെ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിഐപി) ആണ് നോഡൽ ഏജൻസി.
ഓരോ ജില്ലയിലെ പ്രധാന കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കാൻ ഒരു ജില്ല ഒരു ഉൽപ്പന്നം മാതൃകയും സ്വീകരിച്ചിട്ടുണ്ട്. വിവരങ്ങൾ ലഭ്യമാക്കാനും ഗുണഭോക്താക്കൾക്ക് പിന്തുണ നൽകാനും 135 ജില്ലാ റിസോഴ്സ് പേഴ്സൺമാരെയും (ഡിആർപി) നിയമിച്ചിട്ടുണ്ട്.