കേളകം: മലയോരമേഖലയിലെ പ്രധാന റോഡ് തകർന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ദിനേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അമ്പായത്തോട്-മണത്തണ റോഡാണ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. ചെറുതും വലുതുമായ നിരവധി കുഴികളാണ് 14 കിലോമീറ്റർ റോഡിൽ രൂപപ്പെട്ടത്. മഴ കനത്തതോടെ റോഡ് കൂടുതൽ തകരുകയായിരുന്നു. വലിയ കുഴിയേത് ചെറിയ കുഴിയേതെന്നുപോലും തിരിച്ചറിയാത്തവിധം പലയിടത്തും കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. റോഡിന്റെ പല ഭാഗത്തും ഓവുചാലില്ലാത്തതിനാൽ വെള്ളം റോഡിൽക്കൂടിയാണ് ഒഴുകുന്നത്. അതിനാൽ വാഹനയാത്രക്കാർക്ക് കുഴികളുള്ളത് മനസ്സിലാക്കാൻപോലും കഴിയുന്നില്ല.
ഇരുചക്ര വാഹനയാത്രക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. റോഡിലെ വെള്ളംനിറഞ്ഞുകിടക്കുന്ന കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നു. റോഡിൽക്കൂടി വെള്ളം ഒഴുകുന്നത് കാൽനടയാത്രക്കാരേയും പ്രയാസപ്പെടുത്തുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെമേൽ ചളിവെള്ളം തെറിക്കുന്നതും പതിവാണ്. കേളകം ടൗണിലെ റോഡിന്റെ സ്ഥിതിയും ഇതുതന്നെയാണ്. വലിയ കുഴികളാണ് പലയിടത്തും.
നല്ല മഴ പെയ്താൽ കേളകം ടൗണിലെ റോഡ് ചളിക്കുളമാകും. റോഡ് തകർന്നതോടെ ഇന്ധനച്ചെലവും കൂടുതലാണെന്നാണ് മഞ്ഞളാംപുറത്തെ ഓട്ടോ തൊഴിലാളികൾ പറയുന്നു.
അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.