ഹൈദരാബാദ്: ജൂണിൽ മയക്കുമരുന്ന് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് മുതിർന്ന നടി ഹേമയെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ തെലുങ്ക് സിനിമ താര സംഘടന മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ നടിയുടെ അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഹേമയെ കേസില്‍ നിന്നും പോലീസ് വിട്ടയച്ചിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളുടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ സസ്പെൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് അടുത്തിടെ മാധ്യമ അഭിമുഖങ്ങളില്‍ നടി പറഞ്ഞിരുന്നു.
തന്നെ തെറ്റായി കേസിൽ കുടുക്കിയെന്നും താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഹേമ വ്യക്തമാക്കി. തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ചില ലാബുകളിൽ താൻ പരിശോധനയ്ക്ക് വിധേയയായതായി നടി വെളിപ്പെടുത്തി. തനിക്കെതിരായി വന്ന തെറ്റായ ആരോപണങ്ങൾ കാരണം താൻ വളരെ മാനസിക പിരിമുറുക്കത്തിലാണെന്നും ഹേമ അടുത്തിടെ എംഎഎ പ്രസിഡന്‍റെ വിഷ്ണു മഞ്ചുവിന് കത്തെഴുതിയിരുന്നു.
വിവിധ ലാബുകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും അവർ ഇതോടൊപ്പം നൽകി. ഹേമയുടെ നിവേദനം അനുസരിച്ച് വസ്തുതകൾ പരിശോധിച്ച ശേഷം വിഷ്ണു മഞ്ചുവിന്‍റെ നിർദ്ദേശപ്രകാരം എംഎഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അവരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചുവെന്നാണ് പുതിയ വിവരം. താന്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഹേമ പറഞ്ഞിരുന്നു. ഈ വര്‍ഷം മെയ് 19ന് ബെംഗലൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ റേവ് പാർട്ടിയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഹേമ അടക്കം 103 പേര്‍ അറസ്റ്റിലായത്. പിന്നീട് ജൂണ്‍ 13ന് ഹേമയ്ക്ക് ഉപാദികളോടെ കോടതി ജാമ്യം അനുവദിച്ചു.
മെയ് 19 ന് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിൽ സംഘടിപ്പിച്ച റേവ് പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചതായി സ്ഥിരീകരിച്ച 27 സ്ത്രീകളിൽ ഹേമയും ഉൾപ്പെടുന്നുവെന്ന് എഫ്ഐആറിൽ പറയുന്നത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഫാംഹൗസിൽ റെയ്ഡ് നടത്തുകയും ഹാജരായവരിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പിറന്നാൾ ആഘോഷത്തിന്‍റെ മറവിലാണ് റേവ് പാർട്ടി നടത്തിയതെന്നാണ് റിപ്പോർട്ട്.