മണിപ്പുരിൽ രണ്ട് കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഗോത്ര നേതാക്കളുടെ ഫോറം (ഐടിഎൽഎഫ്) ആണ് മെയ്‌ത്തീ വിഭാഗക്കാരുടെ ക്രൂരകൃത്യം തെളിവോട് പുറത്ത് എത്തിച്ചത്. മെയ് നാലിനായിരുന്നു സംഭവം. മെയ്‌ത്തീകൾക്ക് പട്ടിക വർഗ പദവി നൽകാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം കുക്കി–- മെയ്‌ത്തീ സംഘർഷമായി വളർന്നത് മെയ് മൂന്നു മുതലായിരുന്നു.
തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയുള്ള കാങ്‌പോപ്പി ജില്ലയിലാണ് സംഭവമുണ്ടായത്. രണ്ടു സ്‌ത്രീകളും കൈകൂപ്പി യാചിച്ചിട്ടും അവര്‍ക്കെതിരെ പരസ്യമായി ലൈംഗികാതിക്രമം തുടര്‍ന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളെ തിരിച്ചറിയുന്നതിനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദേശീയ വനിതാ കമീഷനും, ദേശീയ പട്ടികവർഗ കമീഷനും നടപടിയെടുക്കാൻ തയാറാകണമെന്നും ഐടിഎൽഎഫ് ആവശ്യപ്പെട്ടു. ഫൈനോം ഗ്രാമത്തിൽ രണ്ട് യുവാക്കളെ വധിച്ചുവെന്നും സംഘടന ആരോപിച്ചു.
അതിനിടെ, എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ട കുക്കി യുവാവിനെ ബിജെപി നേതാവിന്റെ നിയന്ത്രണത്തിലുള്ള അരംബൈ തെങ്കൽ അക്രമികൾ മണിപ്പുരിന് പുറത്തുവച്ച് വകവരുത്തിയെന്ന് കുക്കികൾ ആരോപിച്ചു. കാച്ചാർ ജില്ലയിൽ നിന്നുള്ള ഇമ്മാനുവൽ മർ മെയ്‌ത്തീകൾ വളഞ്ഞിരിക്കുകയാണെന്ന് ഭാര്യയ്‌ക്ക് സന്ദേശമയച്ചുവെന്നും റിപ്പോർട്ടുണ്ട്. മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നെന്നും കുക്കി സംഘടനകൾ പറഞ്ഞു.
ഐജി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കലാപം അമർച്ച ചെയ്യാനാകാത്ത മണിപ്പുരിൽ ഐജി വധശ്രമത്തിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ക്വാക്കീതെല്ലിൽ സോൺ രണ്ട് ഐജിയായ കെ കബീബിന്റെ വാഹനവ്യൂഹം ജനക്കൂട്ടം ആക്രമിച്ചു. വാഹനങ്ങൾ അഗ്നിക്കിരയാക്കിയെങ്കിലും ഐജിയും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു. അകമ്പടിപോയ ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സംഭവത്തിൽ 30പേർ അറസ്‌റ്റിലായി. മുഖ്യമന്ത്രി എൻ ബിരേൻസിങ്ങിന്റെ വസതിയിലേക്ക് നിവേദനം സമർപ്പിക്കാനായി മാർച്ച് ചെയ്‌ത മെയ്‌ത്തീ വനിതകൾ ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിങ്ജമെയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ഒരു ദ്രുതകർമസേനാംഗത്തിന് പരിക്കേറ്റു.