27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കുഞ്ഞു(ഞ്ഞു)ചുവടുകളുടെ വേഗക്കാരൻ!; ഉമ്മൻ ചാണ്ടിയുടെ പലവിധ യാത്രകളെക്കുറിച്ച് ഒരോർമ –
Uncategorized

കുഞ്ഞു(ഞ്ഞു)ചുവടുകളുടെ വേഗക്കാരൻ!; ഉമ്മൻ ചാണ്ടിയുടെ പലവിധ യാത്രകളെക്കുറിച്ച് ഒരോർമ –

നിറഞ്ഞൊഴുകിയ മനുഷ്യപ്പുഴയിലൂടെ ഉമ്മൻ ചാണ്ടി അവസാന ‌യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പലവിധ യാത്രകളെക്കുറിച്ച് ഒരോർമ്മ.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് കോട്ടയത്തെ യഥാർഥ പുതുപ്പള്ളിയിലേക്ക് ഏതാണ്ട് പൂജ്യം കിലോമീറ്റർ പെർ അവറിൽ ഇന്നലെ ഉമ്മൻ ചാണ്ടിയുടെ വാഹനം സഞ്ചരിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ യാത്രയായിരുന്നു എന്നുറപ്പാണ്. അതിവേഗം ബഹുദൂരം എന്നതു ഭരണനയവും മുദ്രാവാക്യവുമാകും മുൻപേതന്നെ, വേഗതയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചലനനിയമം. നടപ്പിന്റെ ശരീരഭാഷ രസകരമായിരുന്നു. ചെറു ചുവടുകളാണ്. പക്ഷേ നല്ല വേഗമാണ്. ചുവടുകൾ ചെറുതായതുകൊണ്ട് കാഴ്ചയിൽ പെട്ടെന്നതു മനസ്സിലാവില്ല. പക്ഷേ, ഒപ്പം നടക്കുന്നവർ സ്പീഡുകൊണ്ട് ഒന്നു വിഷമിക്കും. അതേസമയം, കാണാൻ നിൽക്കുന്നവർക്കു തങ്ങളെയെല്ലാം അദ്ദേഹം കണ്ടുവെന്നും തോന്നും. അങ്ങനെ കാറ്റുപോലെയങ്ങു പോകും. കുറഞ്ഞസമയം കൊണ്ടു പരമാവധി ആളുകളെ കണ്ട്, പരമാവധി വേഗത്തിൽ കടന്നുപോവുക എന്ന ഇൗ നടപ്പിലുമുണ്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രായോഗിക തന്ത്രജ്ഞത എന്നു പറയാം!
ഇതു പാളിപ്പോയത്, ഒരിക്കൽ മാത്രമാണ്. 2006ൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽവച്ച്. ലോക സാമ്പത്തികഫോറം യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു മുഖ്യമന്ത്രി. അവിടെ ശൈത്യകാലമാണ്. റോഡിലൊക്കെ മഞ്ഞുവീണു കിടക്കും. ഉമ്മൻ ചാണ്ടിക്ക് അത്ര പരിചയമില്ലാത്ത സാഹചര്യം. ഒരുദിനം അത്താഴവിരുന്നിനുശേഷം താമസസ്ഥലത്തേക്കു മടങ്ങാനായി കാറിലേക്ക്, നാട്ടിലെ അതേ വേഗത്തിൽ, പോകുമ്പോൾ മഞ്ഞിൽ തെന്നിവീണു. ഉടൻ ചാടിയെഴുന്നേറ്റ മുഖ്യമന്ത്രി പരസഹായമില്ലാതെ കാറിൽ കയറി. പക്ഷേ ഹോട്ടലിലെത്തിയപ്പോഴേക്കും അതികഠിനമായ വേദനയായി. പിന്നെ, ആശുപത്രി, ശസ്ത്രക്രിയ, വിശ്രമം. ജീവിതത്തിലാദ്യമായി ഉമ്മ‍ൻ ചാണ്ടി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കാനാകാതെ കുറച്ചുകാലം കിടപ്പിലായി. ആ വീഴ്ചയുടെ അടയാളം പിന്നീടുള്ള നടപ്പിൽ എപ്പോഴുമുണ്ടായിരുന്നു. ചുവടുവയ്പ്പിൽ കൂടുതൽ ബലം കൊടുത്തു. വേഗം കുറഞ്ഞു.

യാത്രയുമായി ബന്ധപ്പെട്ട രണ്ടു സമരങ്ങളിലൂടെയാണ് ഉമ്മൻ ചാണ്ടി യഥാർഥത്തിൽ വിശാല കേരളരാഷ്ട്രീയത്തിലേക്കു നടന്നു കയറിയതെന്നു പറയാം. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ കുട്ടനാട്ടിലെ ജലഗതാഗത രംഗം ദേശസാൽക്കരിച്ചു. വിദ്യാർഥികൾക്കു ലഭിച്ചിരുന്ന ഒരണ കൺസഷൻ നിരക്ക് അതോടെ ഇല്ലാതായി. ഇതിനെതിരെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഒരണസമരം ആരംഭിച്ചു. വയലാർ രവി, എ.കെ. ആന്റണി എന്നിവർ നേതൃത്വം നൽകിയ യാത്രാനുകൂല്യത്തിനു വേണ്ടിയുള്ള ആ സമരമായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയത്തുടക്കം. 1967ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് കൊച്ചിയിൽ തേവര മുരളി സമരം. തേവര എസ്എച്ച് കോളജിലെ വിദ്യാർഥികൾക്കു കോളജിലെത്താൻ ബസ് അനുവദിക്കണമെന്ന ആവശ്യവുമായി സമരം ചെയ്ത വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. മുരളി എന്ന വിദ്യാർഥി മർദനമേറ്റു മരിച്ചു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായ ഏറ്റവും ശക്തമായ വിദ്യാർഥി പ്രക്ഷോഭമായിരുന്നു പിന്നീടു കേരളം കണ്ടത്. 1950 – 60 കാലത്ത് കെഎസ്‌യുവിനു വേണ്ടിയുള്ള സഞ്ചാരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാഹനസൗകര്യം കുറവ്. നടപ്പായിരുന്നു പ്രധാനം. അങ്ങനെ നടന്നുനടന്നാണ്, ചെറിയ ചുവടുകളിൽ വലിയ ദൂരം എന്ന നടപ്പുശീലം രൂപപ്പെട്ടത്. ഉപയോഗിക്കുന്ന പരിപാടിയേ ഉണ്ടായിരുന്നില്ല. കൂടയുള്ളവരുടെ പോക്കറ്റാണ് ഉമ്മൻ ചാണ്ടിയുടെ എടിഎം മെഷീൻ. 1971ൽ എംഎൽഎ ആയിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയും പി.സി. ചാക്കോയും ഒരുനാൾ വിമാനം വൈകിയതിനാൽ അന്നത്തെ ബോംബെയിൽ ‘അകപ്പെട്ടു.’ പി.സി. ചാക്കോയുടെ പോക്കറ്റിലുള്ള 10 രൂപയാണ് ആകെ കൈക്കാശ്! ഉച്ചയ്ക്കു ഓരോ മസാലദോശയും ചായയും കഴിച്ചപ്പോൾ ബാക്കി ഒരു രൂപ. രാത്രി ഭക്ഷണത്തിനു വകയില്ല. ആരെയെങ്കിലും കണ്ടുമുട്ടണം. എസ്ബി കോളജിൽ ഉമ്മൻ ചാണ്ടിയുടെ സഹപാഠിയായ ഒരു ജോസ് ബോംബെയിലുണ്ട്. പക്ഷേ, മഹാനഗരത്തിൽ എവിടെയെന്നറിയില്ല, എങ്ങനെ കണ്ടുപിടിക്കാനാണ്. ഒന്നും ചെയ്യാനില്ലാതെ വെറുതേ റോഡിലൂടെ ഇറങ്ങി നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ഭുതമെന്നു പറയട്ടെ, തേടിയിറങ്ങിയ ജോസ് മുന്നിൽ! ദൈവത്തിന്റെ സാന്നിധ്യം അപ്പോഴാണ് മനസ്സിലായതെന്നാണ് അതേക്കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുള്ളത്. വൈകിട്ടത്തെ ഭക്ഷണവും ഒരു ഹിന്ദി സിനിമയും ജോസിന്റെ ചെലവിലായിരുന്നുവത്രേ. ഡൽഹി വിമാനത്താവളത്തിൽ ചെന്നിറങ്ങി, വയലാർ രവിയുടെ എംപി ക്വാർട്ടേഴ്സിലേക്കു പോകാൻ ബസ് കൂലി പോലുമില്ലാതെ നിൽക്കുമ്പോൾ പിന്നാലെ വന്നിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന വനംമന്ത്രി കെ.ജി. അടിയോടി രക്ഷകനായ കഥയും അദ്ദേഹം പറയുമായിരുന്നു. ഡൽഹിക്കു പോകുമ്പോൾ മടക്കയാത്രയ്ക്കുള്ള ടിക്കറ്റു കൂടി എടുത്തിട്ടേ ഉമ്മൻ ചാണ്ടി പുറപ്പെടാറുള്ളൂ എന്നൊരു കഥയുണ്ടായിരുന്നു. കാരണം ഡൽഹിയിൽ തുടരാൻ അദ്ദേഹത്തിനു താൽപര്യമേയുണ്ടായിരുന്നില്ല. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നെങ്കിലും അവിടെ ചെലവഴിച്ച നാളുകൾ ചുരുക്കമായിരുന്നു. കേരളത്തിൽ വരണം. പുതുപ്പള്ളിയിലും വരണം. ഉമ്മൻ ചാണ്ടിയുടെ യാത്രകൾ അങ്ങനെയൊരു കറക്കമായിരുന്നു, മുന്നേറ്റമായിരുന്നില്ല.

പിൽക്കാലത്തു നാട്ടിൽ കാറുകളൊക്കെ വന്നുതുടങ്ങി. ഉമ്മൻ ചാണ്ടിയുടെ യാത്രകളും മാറി. അപ്പോഴും മാറ്റമില്ലാത്ത ഒന്നുണ്ടായിരുന്നു, ആൾക്കൂട്ടം! ഉമ്മൻ ചാണ്ടിയുടെ കാർയാത്ര കണ്ട് ഒരു കാറിൽ ഇത്രയും ആളുകളെ കയറ്റാമെന്നു കാർ കമ്പനികൾ അദ്ഭുതപ്പെട്ടതായി പോലും കഥകളുണ്ടായി. കാറിലേക്ക് ഉമ്മൻ ചാണ്ടി വരുമ്പോഴേക്ക് അതിനുള്ളിൽ നിറയെ ആളുകളുണ്ടാകും. ഉമ്മൻ ചാണ്ടിക്കു കയറാൻ ഇടം കിട്ടിയാലായി. ആരോടും അദ്ദേഹം ഇറങ്ങിപ്പോകാൻ പറയുകയോ പരിഭവിക്കുകയോ ചെയ്തില്ല. ഒരിക്കൽ കയറാൻ വന്നപ്പോൾ കാർ ഫുൾ. ‘എന്നാൽപിന്നെ ഞാൻ വേറൊരു കാറിൽ വരാം’ എന്നു പറഞ്ഞതായിരുന്നു, പരമാവധി പരിഭവം!

1977ൽ ആദ്യമായി മന്ത്രിയായപ്പോൾ ഔദ്യോഗിക വാഹനത്തിന്റെ ചുവപ്പു ബോർഡ് ഇളക്കി മാറ്റാൻ നിർദേശം കൊടുത്തു. പൊലീസുകാർ കുടുങ്ങി. മന്ത്രി എപ്പോൾ വരും എങ്ങോട്ടു പോകും എന്നൊന്നും അറിയാൻ പറ്റുന്നില്ല. ഒടുവിൽ അവരുടെ അപേക്ഷയും നിർബന്ധവും മൂലമാണ് ബോർഡ് തിരിച്ചു വയ്ക്കാൻ സമ്മതിച്ചത്.

അവിടെയും തീർന്നില്ല. ഓഫിസിൽനിന്നിറങ്ങി കാറിൽ കയറാതെ ഒരു കൂട്ടം ആളുകളുടെ അകമ്പടിയോടെ റോഡിലൂടെ നടന്ന് അടുത്തുള്ള പെട്ടിക്കടയിലെത്തി നാരാങ്ങാവെള്ളം കുടിക്കുന്ന യുവമന്ത്രി അക്കാലത്തെ തിരുവനന്തപുരത്തിന്റെ കൗതുകക്കാഴ്ചയായയിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊലീസ് എസ്കോർട്ട് വേണ്ട എന്നത് ഉമ്മൻ ചാണ്ടിയുടെ നിർബന്ധമായിരുന്നു. പല നഗരങ്ങളിലും വാഹനക്കുരുക്കിൽ കിടക്കുന്ന ഒന്നാം നമ്പർ സ്റ്റേറ്റ് കാർ പതിവു കാഴ്ചയുമായിരുന്നു.

∙ പിടിച്ച ആളായിരുന്നില്ലെങ്കിലും പല കാരണങ്ങളാൽ അപകടങ്ങളുണ്ടായി. ഭാഗ്യവശാൽ, ജീവിതത്തെ മാറ്റിമറിക്കുന്നതായി മാറിയില്ല അവയൊന്നും. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ 1971ൽ കോട്ടയം നഗരത്തിനടുത്ത് കാറും ലോറിയും നേർക്കുനേർ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട ഉമ്മൻ ചാണ്ടിക്കൊപ്പം വി.എം. സുധീരനും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും ഉണ്ടായിരുന്നു. ഭാഗ്യമാണ് എല്ലാവരെയും അന്നു തുണച്ചത്. 2016ൽ മുഖ്യമന്ത്രിയായിരിക്കെയുണ്ടായ അപകടത്തിലും ആ തുണയുണ്ടായി. പുലർച്ചെ രണ്ടരയ്ക്കു മുഖ്യമന്ത്രിയുടെ വാഹനം കോട്ടയം – എറണാകുളം റോഡിൽ ഏറ്റുമാനൂർ കാണക്കാരി പള്ളിപ്പടിക്കു സമീപം വളവിൽ നിയന്ത്രണം വിട്ടു റോഡിൽനിന്നു തെന്നിമാറി കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചുകയറി. സീറ്റ് ബെൽറ്റുണ്ടായിരുന്നതിനാൽ മുഖ്യമന്ത്രിക്കു പരുക്കൊന്നും പറ്റിയില്ല. എസ്കോർട്ട് വാഹനത്തിൽ കയറി നാട്ടകത്തെ ഗസ്റ്റ്ഹൗസിലെത്തിയ മുഖ്യമന്ത്രി രാവിലെ തന്നെ ഫയലുകൾ നോക്കി. പിന്നെ പരിപാടികൾക്കിറങ്ങി!∙

രാഷ്ട്രീയ യാത്രകൾ പലതു നടത്തിയിട്ടുണ്ട് ഉമ്മൻ ചാണ്ടി. 2011ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി, ഇടതുസർക്കാരിനെതിരെ നടത്തിയ കേരള മോചന യാത്രയായിരുന്നു ഒടുവിലത്തെ പ്രധാനപ്പെട്ട യാത്ര. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയ ‘സമാധാന സന്ദേശ യാത്ര’യ്ക്കു വലിയൊരു പ്രത്യേകതയുണ്ടായിരുന്നു. എല്ലാവരും കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടു യാത്ര നടത്തുമ്പോൾ തെക്കുനിന്നു വടക്കോട്ടായിരുന്നു ആ യാത്ര. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെയാണു യാത്ര നടത്തുകയെങ്കിൽ ഇതു ഭരണപക്ഷം പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയ്ക്കും അക്രമങ്ങൾക്കുമെതിരെ നടത്തിയ യാത്രയായിരുന്നു. അതേക്കുറിച്ചു യാത്രയ്ക്കിടെ ഉമ്മൻ ചാണ്ടി പറഞ്ഞു: ‘‘ഇത്തരം യാത്രകൾക്കായി പ്രത്യേക മുന്നൊരുക്കങ്ങൾ ഉണ്ടാവാറില്ല. ഓരോ സ്ഥലത്തും എത്തുന്ന ആൾക്കൂട്ടത്തിന്റെ സ്നേഹപ്രകടനങ്ങൾക്കു വഴങ്ങി, അവരുടെ ക്ഷേമം തിരക്കി, അധികനേരം ചെലവഴിക്കേണ്ടി വരും. അതിനാൽ നിശ്ചയിച്ച സമയത്തു യാത്രകൾ അവസാനിപ്പിക്കാനും കഴിയാറില്ല.’’

ഇന്നലെ തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള അവസാനയാത്രയിലും അതുതന്നെയാണു സംഭവിച്ചത്. ആൾക്കൂട്ടത്തിന്റെ സ്നേഹപ്രകടനങ്ങൾക്കു വഴങ്ങി… നിശ്ചയിച്ച സമയമെല്ലാം തെറ്റി… പതിവു പോലെ ഓസി പുതുപ്പള്ളിയിലേക്ക്.

Related posts

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ; കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി

Aswathi Kottiyoor

ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Aswathi Kottiyoor

അപകടം: ഇടുക്കിയിൽ 2 വിനോദസഞ്ചാരികളും പെരുമ്പാവൂരിൽ കാര്‍ യാത്രക്കാരനായ യുവാവും കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox