27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോര്‍ജ്
Kerala

ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി രോഗികളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്‌കീമുകളെല്ലാം ഏകജാലകം വഴിയുള്ള സൗകര്യമൊരുക്കണം. കാസ്പില്‍ അര്‍ഹരായവര്‍ക്ക് നാഷണല്‍ വെബ്സൈറ്റ് ഡൗണ്‍ ആയത് കാരണം ബുദ്ധിമുട്ട് വരരുത്. കാസ്പ് ഗുണഭോക്താക്കള്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് ലഭിക്കുന്നില്ലെന്ന പരാതി അടിയന്തരമായി പരിശോധിക്കണം. മരുന്നുകള്‍ പുറത്ത് നിന്നും എഴുതുന്നതും ഫാര്‍മസിയില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ പോലും കൊടുക്കാന്‍ തയ്യാറാകാത്തതും അടിയന്തരമായി അന്വേഷിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ശേഷം വൈകുന്നരം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചു കൂട്ടിയ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ റഫല്‍ ചെയ്യുന്നതിന് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മെഡിക്കല്‍ കോളേജിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണ്. റഫറലും ബാക്ക് റഫറലും ഫലപ്രദമായി നടക്കാത്തതാണ് രോഗികള്‍ കൂടാന്‍ കാരണം. അതിനായി പെരിഫറിയിലുള്ള ആശുപത്രികളുടെ യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുന്നതാണ്.

പാറ്റ, മൂട്ട, എലി ശല്യമുണ്ടെന്ന പരാതി വെയര്‍ ഹൗസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. 50 കിടക്കകള്‍ അധികമായി കണ്ടെത്തി ക്രമീകരണമൊരുക്കി രോഗികളെ മാറ്റിയായിരിക്കും പാറ്റ, മൂട്ട, എലി ശല്യം പരിഹരിക്കാനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വാര്‍ഡുകളിലെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഹെഡ് നഴ്സുമാരും നഴ്സിംഗ് സൂപ്രണ്ടും കര്‍ശനമായി നിരീക്ഷിക്കണം. സൂപ്പര്‍വൈസറി ഗ്യാപ്പ് ഒഴിവാക്കുന്നതിന് നടപടിയുണ്ടാകണം. ഹൗസ് കീപ്പിംഗ് വിഭാഗം ശക്തിപ്പെടുത്തണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമല്ലാതെ പെട്ടെന്ന് വിളിച്ച് ലീവ് പറയുന്ന ജീവനക്കാരുടെ അവധി അനുവദിക്കരുത്.

1, 7, 8, 15, 26 27, 28 വാര്‍ഡുകള്‍, ഐസിയു, കാസ്പ് കൗണ്ടര്‍, എച്ച്ഡിഎസ് നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മന്ത്രി ഉച്ചയ്ക്ക് സന്ദര്‍ശിച്ചു. കാസ്പ് ഗുണഭോക്താക്കള്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, ജീവനക്കാര്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ആര്‍എംഒ, നഴ്സിംഗ് സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

ഹൃദയസ്‌പ‌ർശം’ കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല ഉദ്ഘാടനം നാളെ

Aswathi Kottiyoor

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം

Aswathi Kottiyoor

അവശ്യ വസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Aswathi Kottiyoor
WordPress Image Lightbox