കൊട്ടിയൂർ: ബാവലിപ്പുഴ ഗതി മാറി ഒഴുകി ഏക്കര്‍ കണക്കിന് ഭൂമി പുഴയെടുത്ത സംഭവത്തിൽ പുഴയെ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവൃത്തി തുടങ്ങി. കഴിഞ്ഞ അഞ്ചു വർഷമായി കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടി പഞ്ചാരമുക്കിന് സമീപം ബാവലിപ്പുഴയുടെ തീരത്ത് ചേർന്ന് താമസിക്കുന്നവരുടെ ഏക്കർ കണക്കിന് ഭൂമിയാണ് ഗതിമാറിയൊഴുകി ബാവലിപ്പുഴ എടുത്തത്. അന്ന് മുതൽ പ്രദേശവാസികളായ ഷാജി പൗലോസ്, തോമസ് മഠത്തിപ്പറമ്പിൽ, ഷൈജൻ തുടങ്ങി പത്തോളം കുടുംബങ്ങൾ ചേർന്ന് പഞ്ചായത്തിനും ജലസേചന വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും സംരക്ഷണ മതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ഇതിനിടയാണ് ഇരിട്ടിയിൽ മന്ത്രി കെ. രാധാകൃഷണന്റെ അദാലത്തിൽ ഭൂമി നഷ്ടപ്പെട്ടവർ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഇവരുടെ അപേക്ഷ കണക്കിലെടുത്ത് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. തുടർന്നാണ് ഗതിമാറിയൊഴുകിയ പുഴയെ പൂർവ്വ സ്ഥിതിയാക്കുന്ന പ്രവൃത്തി ആരംഭിച്ചത്. പുഴയിലെ കല്ലുകൾ ജെ.സി.ബി ഉപയോഗിച്ച് പുഴയെടുത്ത ഭാഗങ്ങളിൽ നിക്ഷേപിച്ചാണ് താൽക്കാലിക സംരക്ഷണ ഭിത്തി നിർമിക്കുന്നത്.മൂന്നിലധികം ജെസിബി കൾ ഉപയോഗിച്ചാണ് പ്രവർത്തി നടത്തുന്നത്.
പുഴയുടെ ഒഴുക്ക് ഒരുഭാഗത്തേക്ക് മാറ്റി വിടുകയും ചെയ്യുന്നുണ്ട്. റബറും തെങ്ങുമടക്കം കൃഷി ചെയ്തിരുന്ന ഏക്കർ കണക്കിന് കൃഷി ഭൂമി നഷ്ടമായിട്ടും നഷ്ടപരിഹാരം ഒന്നും ഉടമസ്ഥർക്ക് ലഭിച്ചിട്ടില്ല. സംരക്ഷണ ഭിത്തി നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും താൽക്കാലിക ആശ്വാസമാണ് നിലവിലെ പ്രവൃത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു.