26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ചന്ദ്രനിലെ ലാൻഡിങ് സങ്കീർണതയുള്ള ദൗത്യം; ചന്ദ്രയാൻ 2ൽ നിന്ന് പഠിച്ചതെല്ലാം ഇവിടെ പ്രയോജനപ്പെടുത്തി’
Uncategorized

ചന്ദ്രനിലെ ലാൻഡിങ് സങ്കീർണതയുള്ള ദൗത്യം; ചന്ദ്രയാൻ 2ൽ നിന്ന് പഠിച്ചതെല്ലാം ഇവിടെ പ്രയോജനപ്പെടുത്തി’

തിരുവനന്തപുരം∙ നാലു വർഷങ്ങൾക്ക് മുൻപ് ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാൻ 2 ദൗത്യത്തിൽനിന്ന് പാഠങ്ങൾ ഉൾകൊണ്ട് ചന്ദ്രയാൻ 3 ദൗത്യത്തിനൊരുങ്ങുകയാണ് ഇസ്റോ. വിജയിച്ചാൽ ചന്ദ്രനിൽ ലാൻഡർ ഇറക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ദൗത്യം ഊർജം പകരും. ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. നാളെ ഉച്ചയ്ക്ക് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് ചന്ദ്രയാൻ 3 യാത്ര ആരംഭിക്കും. ഓഗസ്റ്റ് 23നോ 24നോ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ദൗത്യത്തിൽ നിർണായക പങ്കു വഹിക്കുന്ന വിഎസ്‌എസ്‌സി (വിക്രം സാരാഭായി സ്പെയ്സ് സെന്റർ) ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ ‘മനോരമ ഓൺലൈനി’നോട് സംസാരിക്കുന്നു.

∙ ചന്ദ്രയാൻ 3 വിക്ഷേപിക്കുന്ന എൽവിഎം 3 റോക്കറ്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ് എൽവിഎം 3. നാലോ അഞ്ചോ ടൺ ഭാരമുള്ള ഉപഗ്രഹത്തെ 36,000 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലേക്ക് ഉയർത്താന്‍ കഴിവുള്ള പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച റോക്കറ്റാണിത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനായി ഈ റോക്കറ്റിനെയാണ് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുന്നത്. എൽവിഎം 3യുടെ ഏഴാമത്തെ ദൗത്യമാണിത്. ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് വിക്ഷേപണ വാഹനത്തിൽ ചില മാറ്റങ്ങൾ വരുത്തി. അടിസ്ഥാനപരമായി വാഹനത്തിന്റെ ശേഷി പഴയതുപോലെയാണ്.

∙ ഗഗൻയാൻ പദ്ധതിക്കായി എൽവിഎം3 റോക്കറ്റിൽ എന്തെല്ലാം മാറ്റമാണ് വരുത്തിയത്?

മനുഷ്യന് ബഹിരാകാശത്തേക്ക് സഞ്ചരിക്കാനായി റോക്കറ്റിൽ ക്രൂ മൊഡ്യൂളും യാത്രികർക്ക് അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനവും കൂട്ടിച്ചേർത്തു. ഇലക്ട്രോണിക് സംവിധാനവും ജോയിന്റുകളും സീലുകളും ശക്തമാക്കി. സോഫ്റ്റ്‌വെയർ പരിഷ്കരിച്ചു. റോക്കറ്റിനെ കാര്യക്ഷമമാക്കാൻ നിരവധി കാര്യങ്ങൾ ചെയ്തു. ഗഗൻയാന്റെ ലോഞ്ച് വെഹിക്കിൾ വിഎസ്‌എസ്‌സിയിലാണ് ചെയ്യുന്നത്. ഗഗൻയാൻ പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കുകയെന്ന ആദ്യത്തെ ദൗത്യം ചെയ്യുന്നത് വിഎസ്‌എസ്‌സിയാണ്. ഈ ദൗത്യത്തിനായി ഒരു സെന്റർ ബെംഗളൂരുവിലുണ്ട്. പദ്ധതിയുടെ 60 ശതമാനം ജോലിയും നടക്കുന്നത് വിഎസ്‌എസ്‌സിയിലാണ്. ബഹിരാകാശ യാത്രയ്ക്കായി 4 പേരെ തിരഞ്ഞെടുത്തു പരിശീലനം നൽകി വരികയാണ്. യാത്രികർക്ക് അപകമുണ്ടായാൽ രക്ഷപ്പെടാനുള്ള ഘടകങ്ങൾ പരീക്ഷിച്ചു. ∙ 2019ലെ ചന്ദ്രയാൻ 2 ദൗത്യം ഭാഗികമായി പരാജയമായിരുന്നു. ലാൻഡർ ചന്ദ്രന്റെ പ്രതലത്തിൽ സുരക്ഷിതമായി ഇറക്കുന്നതിൽ വിജയിക്കാനായില്ല. ആ ദൗത്യത്തിൽനിന്ന് എന്തൊക്കെ പാഠങ്ങളാണ് പഠിച്ചത്?

ചന്ദ്രയാൻ 2വിന്റെ ലാൻഡിങ് പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ലാൻഡിങ് പരാജയപ്പെട്ടതെന്ന് ഡാറ്റ ലഭിച്ചു. കാര്യങ്ങൾ പഠിച്ച് അതനുസരിച്ച് ചന്ദ്രയാൻ 3യിൽ മാറ്റംവരുത്തി. പ്രൊപ്പൽഷൻ സംവിധാനം, സോഫ്റ്റ്‌വെയർ, അൽഗോരിതം എന്നിവയിൽ മാറ്റം വരുത്തി. സെന്‍സറുകൾ പുതുതായി സ്ഥാപിച്ചു. സോളർ പാനലിന്റെ ഏരിയ കൂട്ടി. ചന്ദ്രയാൻ 2ൽ നിന്ന് പഠിച്ചതെല്ലാം ഇവിടെ പ്രയോജനപ്പെടുത്തി.

പ്രൊപ്പൽഷൻ മെഡ്യൂളിനോട് ചേർന്നാണ് ലാൻഡറുള്ളത്. ലാൻഡറിന് ചന്ദ്രയാൻ 2വിലെ ലാൻഡറിനേക്കാൾ 300 കിലോ കൂടുതലാണ്. ലാൻഡറിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനായി പ്രൊപ്പൽഷൻ മെഡ്യൂളിലെ ഭാരം ഇതനുസരിച്ച് 300 കിലോ കുറച്ചു. ലാൻഡറിലെ പ്രൊപ്പൽഷൻ സംവിധാനത്തിൽ മാറ്റം വരുത്തി. ലാൻഡറിന്റെ കാലുകൾ കൂടുതൽ ശക്തമാക്കി. ശക്തമായി മണ്ണിൽ ഇടിച്ചാലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയണം. ലാൻഡർ മണ്ണിലേക്കിറങ്ങുന്ന വേഗവും ദിശയും പല വിധത്തിൽ നിരീക്ഷിക്കാൻ പുതുതായി സെൻസറുകൾ സ്ഥാപിച്ചു. പിഴവുകൾ തിരുത്തി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിനാൽ ആത്മവിശ്വാസമുണ്ട്.
∙ ചന്ദ്രയാൻ 3 ദൗത്യത്തിനായി ചന്ദ്രനിലെ കൃത്രിമ സാഹചര്യങ്ങളൊരുക്കി എന്തൊക്കെ പരീക്ഷണങ്ങളാണ് നടത്തിയത്?

ത്രസ്റ്റർ ജ്വലിപ്പിക്കാതെ ലാൻഡറിനെ ഹെലികോപ്റ്ററിൽ തൂക്കിയിട്ട് അതിന്റെ ചലനങ്ങൾ നിരീക്ഷിച്ചു. സെൻസറുകൾ കൃത്യമായി പ്രവർത്തിക്കുന്നോ, ഡാറ്റകൾ നൽകുന്നുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ചു. ബെംഗളൂരുവിലാണ് കൃത്രിമ സാഹചര്യങ്ങൾ ഒരുക്കി പരീക്ഷണം നടത്തിയത്. ശ്രീഹരികോട്ടയിൽ ലാൻഡർ ഒരു ക്രൈയിനിൽ തൂക്കിയിട്ട് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പരീക്ഷണം നടത്തി. ത്രസ്റ്ററുകൾ ജ്വലിപ്പിക്കുമ്പോൾ സെൻസറുകളുടെ പ്രവർത്തനം അടക്കമുള്ള ഘടകങ്ങളാണ് നിരീക്ഷിച്ചത്. വേണ്ടരീതിയിൽ ലാൻഡറിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടോ, സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ പ്രവർത്തിക്കുന്നുണ്ടോ എന്നിങ്ങനെ പലരീതിയിൽ പരീക്ഷണം നടത്തി.

∙ ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോഴുള്ള വെല്ലുവിളി എന്തൊക്കെയാണ്?

ചന്ദ്രനിലെ ലാൻഡിങ് സങ്കീർണതയുള്ള ദൗത്യമാണ്. വിമാനത്തിന്റെ ലാന്‍ഡിങിൽ പൈലറ്റിന് നിയന്ത്രണമുണ്ട്. സാഹചര്യത്തിന് അനുസരിച്ച് കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ആൾ ലാൻഡറിൽ ഇല്ല. സെൻസറുകളുടെയും മറ്റു ഉപകരണങ്ങളുടേയും സഹായത്തോടെ ലാൻഡറാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നത്. അതിന്റേതായ വെല്ലുവിളിയുമുണ്ട്. യന്ത്രത്തിനു തകരാർ സംഭവിച്ചാൽ ഭൂമിയിലാണെങ്കിൽ മനുഷ്യനു തീരുമാനം എടുക്കാം.

ബഹിരാകാശത്ത് അൽഗോരിതങ്ങളും സോഫ്റ്റ്‌വെയറും അനുസരിച്ചാണ് സാഹചര്യങ്ങളെ ലാൻഡർ നേരിടുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു കഴിഞ്ഞാൽ 80 കിലോഗ്രാം ത്രസ്റ്റുള്ള നാലു ത്രസ്റ്റേഴ്സിനെ ജ്വലിപ്പിച്ചാണ് ചന്ദ്രനിലെ മണ്ണിലേക്ക് ഇറക്കുന്നത്. 100 കിലോമീറ്റർ ഉയരത്തിൽനിന്ന് 30 കിലോമീറ്ററിലേക്കെത്തി പിന്നീട് ഘട്ടംഘട്ടമായി വേഗം നിയന്ത്രിച്ചാണ് ചന്ദ്രന്റെ പ്രതലത്തിലേക്ക് ലാൻഡർ ഇറങ്ങുന്നത്.

∙ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കുമ്പോൾ ശ്രദ്ധകൊടുക്കുന്ന കാര്യങ്ങൾ?

ലാന്‍ഡറിന്റെ കാലാവധി ഒരു ലൂണാർ ഡേ ആയ 14 ദിവസമാണ്. ചന്ദ്രനിൽ ഒരു ഭാഗത്ത് 14 ദിവസം മാത്രമേ സൂര്യന്റെ വെളിച്ചം ലഭിക്കൂ. ലാൻഡറിന്റെ പ്രധാന ഊർജ സ്രോതസ് സോളർ പാനലുകളാണ്. 14 ദിവസമേ സൂര്യനിൽനിന്നുള്ള ഊർജം ലഭിക്കൂ. സൂര്യപ്രകാശമുള്ള 14 ദിവസം കഴിഞ്ഞാല്‍ ആവശ്യത്തിന് ഊർജം കിട്ടില്ല. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ലാൻഡറിൽ വരുത്തിയിട്ടുണ്ട്. 1.4 ടൺ ഭാരമാണ് ലാൻഡറിന്. ചന്ദ്രന്റെ പ്രതലത്തിൽ 5 മുതൽ 10 മീറ്റർവരെ കനത്തിൽ പൊടിയും പാറയും നിറഞ്ഞ ആവരണമുണ്ട്. ലാൻഡർ ഇറങ്ങുമ്പോൾ പൊടി ഉയരും. പൊടി അടങ്ങുന്നതുവരെ കാത്തിരിക്കണം. അതിനുശേഷം ലാൻഡറിലെ റാംപ് തുറന്ന് പരിശോധനാ ഉപകരണമായ റോവർ പുറത്തിറങ്ങും. 25 കിലോ ഭാരമുള്ള റോവറിൽ രണ്ട് പേ ലോഡ് ഉണ്ട്. അത് മണ്ണിൽനിന്ന് സാംപിളുകൾ ശേഖരിക്കും. ആ ഡാറ്റ റോവർ ലാൻഡറിന് കൈമാറും. റോവറിന് നേരിട്ട് വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറാനുള്ള കഴിവില്ല.

∙ ചന്ദ്രനിൽ എവിടെയാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്?

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ലാൻഡിങ്. അവിടെ ജല സാന്നിധ്യമുള്ളതിനാൽ ശാസ്ത്രജ്ഞർക്ക് താൽപര്യം അവിടെയാണ്. സൂര്യപ്രകാശം, താപനില എന്നിവയും അനുകൂലമാണ്.

∙ ലാൻഡറിനു പുറമേയുള്ള മറ്റ് പേ ലോഡുകളുടെ ദൗത്യം എന്താണ്?

പ്രൊപ്പൽഷൻ മെഡ്യൂളിനകത്തെ പേലോഡിന്റെ പേര് ഷേപ്പ് എന്നാണ്. ലാൻഡറിനെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് അകത്തി വിട്ടു കഴിഞ്ഞാൽ 100 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിൽ ഇതു ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കും. ഷേപ്പ് പേ ലോഡ് ഭൂമിയെ ദീർഘകാലം നിരീക്ഷിക്കും. ജീവനുള്ള ഗ്രഹത്തെ ദൂരെ നിന്ന് നോക്കിയാൽ എങ്ങനെ ഇരിക്കും എന്ന വിവരം ലഭിക്കും. ഇതു സൗരയുധത്തിനു പുറത്തുള്ള ഗ്രഹങ്ങളെ തിരിച്ചറിയാൻ സഹായിക്കും. ഭൂമിയിൽനിന്ന് 170×36000 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്തത്തിലുള്ള ഭ്രണപഥത്തിലാണ് റോക്കറ്റ് ചന്ദ്രയാനെ എത്തിക്കുന്നത്. ചന്ദ്രയാനിലുള്ള നാലു ത്രസ്റ്റേഴ്സ് ജ്വലിപ്പിച്ചാണ് ദീർഘവൃത്താകൃതി കൂട്ടി ഭൂമിയുടെ ആകർഷണത്തിൽനിന്ന് ചന്ദ്രയാൻ പുറത്തു കടത്തുന്നത്. പിന്നീട് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് വരണം.

∙ ഭാവി ദൗത്യങ്ങൾ എന്തൊക്കെയാണ്?

ഓഗസ്റ്റ് മാസത്തിൽ സൂര്യനെ നിരീക്ഷിക്കാൻ ആദിത്യ എൽ 1 എന്ന ദൗത്യം തുടങ്ങും. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണത്തിന് ഇടയിൽ ഉപഗ്രഹത്തെ സ്ഥാപിക്കണം. അവിടെനിന്ന് സുഗമമായി സൂര്യനെ നിരീക്ഷിക്കാനാകും.

Related posts

ഗുരുവായൂർ ദേവസ്വത്തിൽ ആദായനികുതി പരിശോധന; കൃത്യമായ കണക്ക് സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ

Aswathi Kottiyoor

സമരവുമായി കര്‍ഷക സംഘടനകൾ മുന്നോട്ട് തന്നെ, താങ്ങുവില സംബന്ധിച്ച് തീരുമാനമായില്ല, മന്ത്രിതല ചര്‍ച്ച പരാജയം

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും പനി മരണം; കുറ്റിപ്പുറത്ത് 13 കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox