24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആജ്ഞ ലംഘിച്ച് ഉത്തരവിറക്കരുതായിരുന്നു’: കേന്ദ്രത്തിന് ഈ വർഷം തിരിച്ചടി രണ്ടാം വട്ടം
Uncategorized

ആജ്ഞ ലംഘിച്ച് ഉത്തരവിറക്കരുതായിരുന്നു’: കേന്ദ്രത്തിന് ഈ വർഷം തിരിച്ചടി രണ്ടാം വട്ടം

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടരുതെന്ന കോടതിയുത്തരവ് ലംഘിച്ച കേന്ദ്ര സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. കോടതി വിധിയെ മറികടക്കുന്നതിനു നിയമത്തിലൂടെ സാധിക്കും. എന്നാൽ, നിയമത്തിലൂടെയും ആജ്ഞാലംഘനം അനുവദിച്ചിട്ടില്ലെന്നും അതു കോടതിയുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാകുമെന്നും ബെഞ്ച് വിശദീകരിച്ചു.

മിശ്രയ്ക്ക് ആദ്യം കാലാവധി നീട്ടിനൽകിയപ്പോൾ കോടതിയിൽ സർക്കാർ അതിനെ ന്യായീകരിച്ചത് സുപ്രധാന കേസുകളുടെ അന്വേഷണം പൂർത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞാണ്. കാലാവധി നീട്ടിനൽകാൻ സർക്കാരിന് അധികാരമുണ്ടെന്നത് അംഗീകരിച്ചപ്പോഴും ചില മാനദണ്ഡങ്ങൾ കോടതി നിർദേശിച്ചു. അവയെ മറികടക്കാനെന്നോണമാണ് ഇ.ഡി ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിലും സിബിഐ ഡയറക്ടറെ സംബന്ധിച്ച് ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലുമുള്ള വകുപ്പുകൾ ഓർഡിനൻസിലൂടെ സർക്കാർ ഭേദഗതി ചെയ്തത്.
ഇവ പിന്നീട് പാർലമെന്റിൽ പാസാക്കി. മിശ്രയെ നിലനിർത്താനാണ് സർക്കാരിന്റെ ശ്രമമെന്നു വിമർശനവുമുണ്ടായി. എന്നാൽ, നിയമഭേദഗതികളെയും അതിന്റെ ബലത്തിൽ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിയതിനെയും കോടതി രണ്ടായി കണ്ടു. കോടതിവിധിയുടെ അടിസ്ഥാനം മാറ്റുന്ന നിയമഭേദഗിക്കു നിയമനിർമാതാക്കാൾക്ക് അധികാരമുണ്ട്. വ്യവസ്ഥകൾക്കു മുൻകാല പ്രാബല്യം കൊണ്ടുവരുന്നതിനും തടസ്സമില്ല. എന്നാൽ, കോടതിയുടെ ആജ്ഞയെ നിയമനിർമാണത്തിലൂടെ ലംഘിക്കാനാവില്ല. ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടരുതെന്ന ആജ്ഞ ലംഘിച്ച് ഉത്തരവുകൾ ഇറക്കാൻ പാടില്ലായിരുന്നു – കോടതി വിശദീകരിച്ചു.

കോൺഗ്രസ് നേതാക്കളായ ജയ താക്കൂർ, രൺദീപ് സുർജേവാല, തൃണമൂൽ നേതാക്കളായ മൊഹുവ മൊയ്ത്ര, സാകേത് ഗോഖ്‌ലെ തുടങ്ങിയവരാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടയതിലും നിയമഭേദഗതികളിലും പിഴവാരോപിച്ചു കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ അന്വേഷണം നേരിടുന്നവരാണ് ഹർജിക്കാരെന്നും ഇവർക്കു രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും സർക്കാർ വാദമുന്നയിച്ചിരുന്നു. ഹർജിക്കാരുടെ രാഷ്ട്രീയം പരിഗണനാവിഷയമല്ലെന്നു വ്യക്തമാക്കിയ കോടതി, മിശ്ര മാത്രമാണോ ഇ.ഡിയിലെ കഴിവുള്ള ഉദ്യോഗസ്ഥൻ എന്ന ചോദ്യവും ഉയർത്തിയിരുന്നു.

പാർലമെന്റോ നിയമസഭയോ പാസാക്കുന്ന നിയമങ്ങളെ ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കണമെങ്കിൽ, ഭരണഘടനാലംഘനമുണ്ടായെന്നു ബോധ്യപ്പെടണമെന്ന് കോടതി വിശദീകരിച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷണറുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതിയാണ് ഇ.ഡി ഡയറക്ടറുടെ നിയമന ശുപാർശ നൽകുന്നത്. അവർ പൊതുതാൽപര്യം പരിഗണിച്ച് കാലാവധി നീട്ടാൻ നിർദേശിക്കുന്നതു നിയമപരമാണെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രത്തിന് ഈ വർഷം തിരിച്ചടി രണ്ടാം വട്ടം

ഉന്നത പദവികളിലേക്കുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം രണ്ടാം തവണയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ ചെവിക്കു പിടിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമനത്തിൽ സുതാര്യത കൊണ്ടുവരാനുള്ള നടപടികൾ കഴിഞ്ഞ മാർച്ച് രണ്ടിന് കോടതിയുടെ 5 അംഗ ബെഞ്ച് നിർദേശിച്ചിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷൻ നിയമനത്തിന് നിയമമന്ത്രി നൽകുന്ന പേരുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയാണ് രാഷ്ട്രപതിയോടു ശുപാർശ നൽകിയിരുന്നത്. അതിനു പകരം, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടുന്ന സമിതിയാണ് രാഷ്ട്രപതിക്കു ശുപാർശ നൽകേണ്ടതെന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

Related posts

സംഭവ ദിവസം കുട്ടികൾ‌ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി; ദുരൂഹതയൊഴിയാതെ സിദ്ധാർത്ഥന്റെ മരണം

Aswathi Kottiyoor

യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കൽ പഠനത്തിന്, 14ന് എകെജി ഭവനിൽ പൊതുദർശനം, പാർട്ടി പതാക താഴ്ത്തിക്കെട്ടി

Aswathi Kottiyoor

സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

Aswathi Kottiyoor
WordPress Image Lightbox