ദില്ലി: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികൾ. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മണാലിയിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴാം തിയ്യതിയാണ് ഗൾഫിൽ നിന്നും വന്ന മലപ്പുറം സ്വദേശികളായ ആറുപേർ മണാലിയിലേക്ക് പോയത്. എന്നാൽ ഇവരെ ഇപ്പോൾ ബന്ധപ്പെടാനാവുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വരെ ഇവരെ ബന്ധപ്പെടാൻ സാധിച്ചെങ്കിലും പിന്നീട് ഫോണിൽ കിട്ടിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ജംഷീദ് എന്നാണ് മലപ്പുറത്ത് നിന്നുള്ളയാളുടെ പേര്. ഇവരുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ഈ സംഘത്തിലുണ്ട്. മണാലിലയിലെ ഹോട്ടലിൽ ഇവർ മുറിയെടുത്ത് താമസിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ ബന്ധുക്കൾക്ക് അയച്ചു നൽകിയിരുന്നു. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെട്ടപ്പോൾ കിട്ടുന്നില്ലെന്ന് കുടുംബം പറയുന്നു. ഇതോടെ മണാലിയിൽ കുടുങ്ങിയ മലയാളികൾ 61ആയി. ജില്ലാ ഭരണകൂടങ്ങളായ ഷിംല, മണാലി എന്നിവിടങ്ങളിൽ ബന്ധപ്പെടുമ്പോൾ മലയാളികൾ ഇതിനേക്കാളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണിൽ നിവധി മലയാളികൾ എത്താറുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മലയാളികൾ ഇനിയുമുണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു..