തിരുവനന്തപുരം
രാജ്യത്ത് തൊഴിലുറപ്പുപദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം. 2022–23ൽ 965.76 ലക്ഷം തൊഴിൽദിനമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. അംഗീകൃത ബജറ്റിന്റെ 100.76 ശതമാനം ലക്ഷ്യം കേരളത്തിന് കൈവരിക്കാനായി. 965.76 ലക്ഷം തൊഴിൽദിനങ്ങളിൽ 867.44 ലക്ഷവും സ്‌ത്രീകൾക്കാണ് ലഭിച്ചത്. ആകെ തൊഴിൽദിനങ്ങളുടെ 89.82 ശതമാനം വരുമിത്.
ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്കു മാത്രം വേതനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇങ്ങനെ തൊഴിലാളികളുടെ തൊഴിലുറപ്പുപദ്ധതി വേതനം ആധാർ പേയ്‌മെന്റ് ബ്രിഡ്ജ് (എപിബി) വഴിയാക്കിയത് വിവിധ സംസ്ഥാനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണാനും കേരളത്തിനായി. സംസ്ഥാനത്തെ ആകെ തൊഴിലാളികളിൽ 94.7 ശതമാനവും ആധാർ ലിങ്കിങ് പൂർത്തിയാക്കി. അതേസമയം, ദേശീയതലത്തിൽ 77.5 ശതമാനം മാത്രമാണ് ആധാർ ലിങ്ക് ചെയ്തത്. പ്രവൃത്തികളുടെ ജിയോ ടാഗിങ് 99.98 ശതമാനം പൂർത്തിയാക്കാനും കേരളത്തിനായി.
തൊഴിൽ ചെയ്തത്
15,51,272 കുടുംബങ്ങൾ
2022–-23ൽ 15,51,272 കുടുംബങ്ങളാണ് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി ജോലി ചെയ്തത്. ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്കും തൊഴിൽ അനുവദിക്കപ്പെട്ടിരുന്നു. 15.51 ലക്ഷത്തിൽ 4,49,638 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകാനായി. ആകെ ചെലവാക്കിയ തുകയുടെ 81.13ശതമാനവും പ്രകൃതിവിഭവ പരിപാലനത്തിനായാണ് വിനിയോഗിച്ചത്