സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി 1928-ല്‍ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. 1943-ല്‍ ചാത്തന്നൂര്‍ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത എന്നിവര്‍ മക്കളാണ്. മക്കളില്‍ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത് മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ കെ. രവീന്ദ്രനെയാണ്.
1948ല്‍ ലക്കിടി ചെറാമംഗലത്ത് മനക്കല്‍ അന്തര്‍ജ്ജനങ്ങളൂടെ കൂട്ടായ്മയില്‍ നിന്നും പിറന്ന ”തൊഴില്‍കേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാന്‍ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു. കാലപ്പകര്‍ച്ചകള്‍ ,യാത്ര: കാട്ടിലും നാട്ടിലും, നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ, അന്തര്‍ജനം- മെമ്മറീസ് ഓഫ് നമ്പൂതിരി വുമണ്‍ എന്നിവയാണ് പ്രധാന കൃതികള്‍.