27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കണ്ണൂരും കാസർകോട്ടും റെഡ് അലർട്ട്; നദികൾ കരകവിഞ്ഞു, നാടാകെ ദുരിതം
Uncategorized

കണ്ണൂരും കാസർകോട്ടും റെഡ് അലർട്ട്; നദികൾ കരകവിഞ്ഞു, നാടാകെ ദുരിതം

തിരുവനന്തപുരം ∙ സംസ്ഥാനത്തു 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ജനം വലയുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുകയാണ്. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിലേക്ക് അടക്കം വെള്ളം കയറി. കോട്ടയം, ഏറ്റുമാനൂർ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാർ കരകവിഞ്ഞെത്തി.

പത്തനംതിട്ടയിൽ പമ്പാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇരവിപേരൂർ ജംക്‌ഷനിൽ വെള്ളം കയറി. ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡിലും വെള്ളം കയറി. ഒറ്റപ്പാലം വാണിയംകുളത്ത് കാറ്റിലും മഴയിലും രണ്ടിടങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. ‌കോഴിക്കോട് കരുവഞ്ചാൽ മുണ്ടച്ചാലിൽ മൂന്നു വീടുകളിൽ വെള്ളം കയറി. കടവത്തൂർ ടൗൺ വെള്ളത്തിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തൂവക്കുന്നിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. മഴയെത്തുടർന്നു മരം വീണ് കൊയിലാണ്ടി ദേശീയപാതയിൽ മൂടാ ടിവി മംഗലം സ്കൂളിനു സമീപം ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വടകര നഗരസഭ മുതൽ ചോറോട് പഞ്ചായത്ത് അതിർത്തി വരെയാണ് മഴദുരിതം. തളീക്കരയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി, ഗതാഗതം മുടങ്ങി.കണ്ണൂരിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ 35 സെന്റിമീറ്റർ ഉയർത്തി. വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാലക്കാട് മരം വീണ് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം താറുമാറായി. കൊല്ലം, എറണാകുളം ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്. എറണാകുളം കണ്ണമാലിയിൽ മുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാർ ദുരിതത്തിലായി. കനത്ത മഴയെ അവഗണിച്ച് ജനം പ്രതിഷേധത്തിനിറങ്ങി. കൊല്ലം ബീച്ചിന്റെ കൂടുതൽ ഭാഗങ്ങൾ കടലെടുത്തു, സംരക്ഷണ ഭിത്തികൾ തകർന്നു. തൃശൂർ രാമവർമപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു ഗതാഗത നിയന്ത്രണം തുടരുകയാണ്.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ് (ശക്തമായ മഴ). കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊല്ലം ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മറ്റു സർവകലാശാലാ, പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലും പ്രഫഷനൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Related posts

വോട്ടിംഗ് മെഷീനുകള്‍ക്ക് ഇരട്ടി സുരക്ഷ, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ്; നടപടി ബംഗാളില്‍

Aswathi Kottiyoor

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം, ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

Aswathi Kottiyoor

ലോകം കീഴടക്കാന്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16, ചരിത്ര സംഭവം; ദിവസങ്ങള്‍ക്കകം ആഗോള വിപണിയിലെത്തും

Aswathi Kottiyoor
WordPress Image Lightbox