നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞിരുന്നു. ‘‘നിഖിലിന്റെ എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് കാൻസൽ ചെയ്തത്’’ – ആർഷോ മാധ്യമങ്ങളോടു പറഞ്ഞു.
നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു. ‘‘നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി’’– വൈസ് ചാൻസലർ ചോദിച്ചു.