27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കേരളവുമായി സഹകരിച്ച്‌ പ്രവർത്തിക്കും: മുഖ്യമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി
Kerala

കേരളവുമായി സഹകരിച്ച്‌ പ്രവർത്തിക്കും: മുഖ്യമന്ത്രി ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തി

കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ്‌ കനേൽ. സാമൂഹ്യ പുരോഗതിയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി അടക്കമുള്ള സർവകലാശാലകൾ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികളും ഉൾപ്പെടെ കേരളവുമായി സഹകരിക്കാൻ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബൻ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന അടുത്ത അവസരത്തിൽ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗേൽ ദിയാസ്‌ കനേലിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിന് ക്യൂബയോടുള്ള ആഴത്തിലുള്ള മമതയും വിപ്ലവനായകന്മാരായ ഫിഡൽ കാസ്ട്രോയോടും ചെ ഗുവേരയോടുമുള്ള ആദരവും അദ്ദേഹം ക്യൂബൻ പ്രസിഡന്റിനെ അറിയിച്ചു. 1994 ൽ അന്താരാഷ്ട്ര ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിനായി ഹവാന സന്ദർശിച്ച കാര്യവും മുഖ്യമന്ത്രി ഓർത്തെടുത്തു. വ്യാപാരം, വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സഹകരണത്തിന് സാധ്യത. കായിക രംഗത്തെയും പൊതുജനാരോഗ്യ രംഗത്തെയും സഹകരണമാണ് കേരളം പ്രാഥമികമായി ലക്ഷ്യം വയ്‌ക്കുന്നത്.

പൊതുജനാരോഗ്യ രംഗത്തും വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ക്യൂബ കൈവരിച്ച നേട്ടം ലോകം അംഗീകരിച്ചതാണ്. ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ രംഗത്തും വലിയ പുരോഗതി ക്യൂബ നേടി. ഈ മേഖലകളിൽ കേരളവുമായി സഹകരണത്തിനുള്ള സാധ്യതകൾ മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യ വിദഗ്ധർക്കുള്ള പരിശീലന, ഗവേഷണ പരിപാടികളിൽ സഹകരണത്തിനുള്ള സാധ്യത ധാരാളമാണ്. വോളീബോൾ, ജൂഡോ, ട്രാക്ക് ആൻഡ് ഫീൽഡ് മേഖലകളിൽ ക്യൂബയുടെ നേട്ടങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിന്റെ കായിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ മേഖലകളിലെ സഹകരണം സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ വ്യാപാര രംഗത്തും വിദ്യാഭ്യാസ മേഖലയിലും മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ സഹകരണസാധ്യതകളും ചർച്ചയിലുയർന്നു. സമഗ്രവും ഊഷ്മളവും ക്രിയാത്മകവുമായ ബന്ധം വളർത്തിയെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘാംഗങ്ങൾ അറിയിച്ചു. ഇതിന്‌ എല്ലാ സഹകരണവും ക്യൂബൻ പ്രസിഡന്റ് ഉറപ്പുനൽകി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരും സംഘത്തിലുണ്ടായി.

Related posts

സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേണം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംസ്ഥാനതല സമാപനം ഇന്ന് (ജൂൺ 2)

Aswathi Kottiyoor

തട്ടിപ്പിന്റെ വിവിധ രൂപം ഓൺ ലൈൻ പശുവിൽപനയിലും

Aswathi Kottiyoor
WordPress Image Lightbox