23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പേവിഷ പ്രതിരോധം ; കുത്തിവച്ചത് 32,061 തെരുവുനായകൾക്ക്
Kerala

പേവിഷ പ്രതിരോധം ; കുത്തിവച്ചത് 32,061 തെരുവുനായകൾക്ക്

സംസ്ഥാനത്ത്‌ 10 മാസത്തിനിടെ പേവിഷ പ്രതിരോധ കുത്തിവയ്‌‌പ് നൽകിയത്‌ 32,061 തെരുവുനായകൾക്കും 4,38,473 വളർത്തുനായകൾക്കും. 2022 സെപ്‌തംബർ 22മുതൽ ജൂൺ 11വരെയുള്ള കണക്കാണിത്. 2022 ഏപ്രിൽ നാലുമുതൽ 2023 മെയ്‌ 31വരെ 17,987 തെരുവുനായകളെ വന്ധീകരിച്ചു. 426 ഡോഗ് ക്യാച്ചർമാരുടെ നേതൃത്വത്തിലാണ് വന്ധ്യംകരണ പ്രവർത്തനം നടക്കുന്നത്. വാക്സിന് ദൗർലഭ്യമില്ല. നിലവിൽ 2.89 ലക്ഷം തെരുവുനായകളും 8.3 ലക്ഷം വളർത്തുനായകളും ഉള്ളതായാണ് വിവരം. കുടുംബശ്രീ മുഖാന്തരം നടത്തിയിരുന്ന അനിമൽ ബെർത്ത്‌ കൺട്രേൾ (എബിസി) പദ്ധതി നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവ്‌ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നിലവിൽ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

നിലവിൽ സംസ്ഥാനത്ത് 20 എബിസി കേന്ദ്രമുണ്ട്. 10 എണ്ണം നിർമാണത്തിലാണ്‌. പലയിടത്തും പൊതുജനം എബിസി കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച 2023ലെ എബിസി റൂൾ പ്രകാരം കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് ഉടനടി യോഗം വിളിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

പരിഹാരത്തിന്‌ തടസ്സം കേന്ദ്രചട്ടം
തെരുവുനായ പ്രശ്‌നം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യുന്നതിന്‌ തടസ്സം കേന്ദ്രചട്ടങ്ങൾ. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായകളെ നീക്കം ചെയ്യാൻ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ–- 2001 അനുവദിക്കുന്നില്ല. മനേക ഗാന്ധി കേന്ദ്രമന്ത്രി ആയിരിക്കെ കേന്ദ്ര സാംസ്‌കാരികവകുപ്പ്‌ 2001ലാണ്‌ ചട്ടം കൊണ്ടുവന്നത്‌.

ഉടമസ്ഥരില്ലാത്ത നായകളെ തെരുവിൽ നിലനിർത്തുന്നത് എബിസി ചട്ടം നിർബന്ധമാക്കുന്നു. അക്രമകാരിയായ നായയെപ്പോലും വന്ധ്യംകരണവും കുത്തിവയ്‌പും നടത്തി, അതേസ്ഥലത്ത്‌ തിരികെ എത്തിക്കാനേ കഴിയൂ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 428, 429 വകുപ്പുകളും 1960ലെ മൃഗങ്ങൾക്ക്‌ നേരെയുള്ള ക്രൂരത തടയൽ നിയമവും (പ്രിവൻഷൻ ഓഫ്‌ ക്രുവാലിറ്റി ടു ആനിമൽ ആക്ട്‌, 1960) തെരുവുനായകളെ കൊല്ലുന്നതിന്‌ തടസ്സമാണ്‌. രണ്ട്‌ വർഷംവരെ തടവും പിഴശിക്ഷയും രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്‌. അക്രമകാരികളായ തെരുവ്‌ നായകളെ ദയാവധം നടത്താൻ അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്‌.

രാജ്യത്ത്‌ 3.5 കോടി തെരുവുനായകളും മൂന്നു കോടി വളർത്തുനായകളും ഉണ്ടെന്നാണ് കണക്ക്. ലോകത്തെ പേവിഷബാധ മരണത്തിൽ 36 ശതമാനവും ഇന്ത്യയിലാണ്‌. പ്രതിവർഷം 18,000––20,000 പേരാണ്‌ പേവിഷബാധയേറ്റ് മരിക്കുന്നത്‌. നായകളുടെ ആക്രമണത്തിൽ പരിക്കും മരണവും ഉണ്ടാകുന്നതിന്‌ പുറമെയാണിത്‌. കഴിഞ്ഞ ജനുവരിയിൽ മാത്രം ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ഒമ്പതു സ്‌ത്രീകളെയാണ് തെരുവുനായകൾ കടിച്ചുകൊന്നത്‌. ഉത്തർപ്രദേശിലെ സീതാപുരിൽ എട്ടു മാസത്തിൽ 13 കുട്ടികളെ നായകൾ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ഓപ്പറേഷൻ തിയറ്ററിൽനിന്ന്‌ നവജാതശിശുവിനെ നായ കടിച്ചുകൊണ്ട്‌ പോയി. പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണ മരണങ്ങൾപോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത് ദൗർഭാഗ്യകരമാണെന്നും അടിയന്തര പ്രാധാന്യത്തോടെ നിയമം പരിഷ്‌കരിക്കണമെന്നും വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

Related posts

വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം; സി​ബി​ഐ​യു​ടെ പു​തി​യ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

Aswathi Kottiyoor

ദേശീയപാത വികസനം കേരളത്തിന്റെ അവകാശം: മുഖ്യമന്ത്രി

Aswathi Kottiyoor

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും

Aswathi Kottiyoor
WordPress Image Lightbox