ഇരിട്ടി: 126 കോടി രൂപ ചിലവിൽ റീ ബിൽഡ് കേരളയിൽ നിർമ്മാണം അന്തിമ ഘട്ടിൽ എത്തിനില്ക്കുന്ന എടൂർ- അങ്ങാടിക്കടവ്- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡിന്റെ പാർശ്വഭിത്തിയിൽ വൻ വിള്ളൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ഭിത്തി അപകടകരമാം വിധം വിണ്ടു നിൽക്കുന്നത്. ഇതോടെ മൂന്നോളം കുടുംബങ്ങൾ ഭീതിയിലായി.
കച്ചേരിക്കടവ്ഒ പാലത്തിനു സമീപമാണ് വില്ലൻ രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ താഴ്ഭാഗത്തായി താമസിക്കുന്ന ജോൺസൺ താന്നിക്കൽ, ലില്ലി പാലവിള, മേഴ്‌സി കണിപ്പറമ്പിൽ എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലായത് . 24.45 കിലോമീറ്റർ വരുന്ന റോഡ് ഏത് പ്രളയത്തിനേയും ഉരുൾപെട്ടലിനെപ്പോലും പ്രതിരോധിക്കും വിധം വിദേശ സാങ്കേതിക സഹായത്തോടെയാണ് നിർമ്മിക്കുന്നതെന്നാണ് അവകാശ വാദമെങ്കിലും ഒരു കനത്ത മഴയെപോലും പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നാണ് റോഡിൽ പലഭാഗങ്ങളിലുമുണ്ടായ തകർച്ച വ്യക്തമാക്കുന്നത്. റോഡിൽ പാലത്തുംകടവ് പള്ളിക്ക് സമീപം അര മീറ്റർ മുതൽ ഒരു മീറ്റർ വരെ വീതിയിലും 50 മീറ്റർ നീളത്തിലും മെക്കാഡം ടാർ റോഡ് കഴിഞ്ഞ മാസം പെയ്ത മഴയിൽ ഒഴുകിപ്പോയിരുന്നു. പാലത്തുംകടവിലും മുടിക്കയം ഭാഗത്തും റോഡിന്റെ അരിക് വശവും ഒഴുകിപോയിരുന്നു.
റോഡ് നിർമ്മാണം തുടങ്ങിയത് മുതൽ ഇതിന്റെ പ്രവർത്തിയിൽ പ്രദേശവാസികൾ വൻ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ആശങ്ക സാധൂകരിക്കുന്ന വിധമാണ് ഇപ്പോൾ മഴ കനത്തു വരുന്നതിനു മുന്നേ പല ഭാഗങ്ങളിലും അപകടകരമാം വിധം തകർച്ച ഉണ്ടായിരിക്കുന്നത്. ഇത് വൻ ആശങ്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പിള്ളിക്കുന്നേൽ, റോഡ് കമ്മിറ്റി കൺവീനർ സജീവൻ കോയിക്കൽ, മെമ്പർമാരായ ബിജോയി പ്ലാത്തോട്ടം, ഐസക് ജോസഫ്, കമ്മിറ്റി അംഗങ്ങളായ വിലാണ് കുറുപ്പം പറമ്പിൽ, ദാർജി കപ്പലുമാക്കൽ, ജോബിഷ് നരിമറ്റം എന്നിവർ സ്ഥലത്തെത്തി റോഡ് പ്രവര്തിക്കാരെ വിളിച്ചു വരുത്തുകയും താത്കാലിക സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കുകയും ചെയ്തു.