25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണിപ്പുർ: ദേശീയപാത ഉപരോധിച്ച് കുക്കികൾ
Uncategorized

മണിപ്പുർ: ദേശീയപാത ഉപരോധിച്ച് കുക്കികൾ

കൊൽക്കത്ത ∙ മണിപ്പുരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കുക്കി സംഘടനകൾ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു. മണിപ്പുരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്ന ദിമാപുർ-ഇംഫാൽ ദേശീയ പാത 2 ആണ് കുക്കി മേഖലകളിൽ ഉപരോധിച്ചത്. സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ ഈ മാസം 4 ന് ഉപരോധം പിൻവലിച്ചിരുന്നു.
അവശ്യസാമഗ്രികൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ദേശീയപാത ഉപരോധം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും.

പട്ടാളവേഷത്തിലെത്തിയ മെയ്തെയ് തീവ്രവാദികൾ 3 കുക്കി ഗോത്രക്കാരെ വെടിവച്ചുകൊന്ന സംഭവത്തെത്തുടർന്ന് മണിപ്പുർ വീണ്ടും പൊട്ടിത്തെറിയുടെ വക്കിലാണ്. തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ ബാലനെയും അമ്മയെയും ബന്ധുവിനെയും ആംബുലൻസിനു തീവച്ചു കൊന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെത്തുടർന്ന് മണിപ്പുർ ശാന്തമാകുന്നതിനിടയിലാണ് വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

ഇതിനിടെ, ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ചർച്ചകൾക്കായി ഇംഫാലിലെത്തി. മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച നടത്തിയ ഹിമന്ദ എംഎൽഎമാരെയും കണ്ടു.

കുക്കി നേതാക്കളെ കണ്ടിട്ടില്ലെന്നും ആവശ്യമെങ്കിൽ അവരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുരിൽ മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സൗഹൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പുരിൽ കേന്ദ്രം നിയോഗിച്ച സമാധാന സമിതിയിൽ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ജനപ്രതിനിധികളും ഉണ്ടാകും. സമാധാന സമിതിക്ക് ഗവർണർ നേതൃത്വം നൽകുമെന്ന് നേരത്തേ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

Related posts

സൗജന്യമായി നന്ദിനി പാൽ, പാചകവാതകം; വാഗ്ദാനങ്ങളുടെ 6 ‘എ’കളുമായി ബിജെപി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor

റഷ്യന്‍ സൈന്യത്തിന്റെ സഹായിയായ ഒരു ഇന്ത്യക്കാരന്‍ കൂടി കൊല്ലപ്പെട്ടു; സഹായം തേടി പുതിയ വീഡിയോയും പുറത്ത്

Aswathi Kottiyoor
WordPress Image Lightbox