25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പരിശോധന
Uncategorized

വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പരിശോധന


കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ നിർ‍മിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഒളിവിലിരിക്കുന്ന സ്ഥലം സംബന്ധിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ്. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് അഗളി പൊലീസ് നൽകുന്ന വിവരം. വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. വിദ്യ എറണാകുളം ജില്ലയിൽ തന്നെയുണ്ടെന്നാണു പൊലീസ് കരുതുന്നത്.
ജോലി നേടാൻ വ്യാജരേഖ ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ നീലേശ്വരം പൊലീസും അഗളി പൊലീസും ഇന്നലെ പരിശോധനയ്ക്കെത്തി. ഉച്ചയോടെ തെളിവെടുപ്പിനെത്തുമ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്നു ബന്ധുക്കളെ വിളിച്ചുവരുത്തി താക്കോൽ സംഘടിപ്പിച്ചു തുറന്നു. എല്ലാ മുറികളും പരിശോധിച്ചു. ഒന്നര മണിക്കൂറിലധികം നീണ്ട പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെയും ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നവരുടെയും മൊഴി തിങ്കളാഴ്ചയെടുക്കും. വ്യാജരേഖ നിർമിച്ചത് എവിടെയെന്നു കണ്ടെത്താൻ വിശദമായ ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരുമെന്നാണു പൊലീസിന്റെ നിലപാട്.

മഹാരാജാസ് കോളജിൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനെത്തിയപ്പോൾ ലഭിച്ച ജോയിനിങ് സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്താണു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമിച്ചതെന്ന മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ മഹാരാജാസ് കോളജ് അധികൃതരിൽനിന്ന് ഈ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പൊലീസ് ശേഖരിക്കും. ഇതു വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണു വിവരം. ഇരു സർട്ടിഫിക്കറ്റുകളിലെയും ഒപ്പ്, സീൽ തുടങ്ങിയവ സമാനമാണോ എന്ന പരിശോധനയും നടക്കും.

വിസിയുടെ വാദം തെറ്റ്

വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം അനുവദിച്ചതു സംവരണം അട്ടിമറിച്ചല്ലെന്നും പിഎച്ച്ഡി പ്രവേശനത്തിനു സംവരണമില്ലെന്നുമുള്ള കാലടി സർവകലാശാല വിസി ഡോ. ധർമരാജ് അടാട്ടിന്റെ വാദം പൊളിയുന്നു. പിഎച്ച്ഡിക്കു സംവരണം ബാധകമാണെന്നു കാട്ടി 2016ൽ സർവകലാശാല പുറത്തിറക്കിയ സർക്കുലർ പുറത്തുവന്നു. 2020ലാണു സംവരണം അട്ടിമറിച്ചു വിദ്യയ്ക്കു പ്രവേശനം നൽകിയത്. സംവരണക്രമം അട്ടിമറിച്ചെന്ന പരാതിയിൽ കാലടി സർവകലാശാല വിസിയുടെ നിർദേശപ്രകാരം സിൻഡിക്കറ്റ് ലീഗൽ ഉപസമിതിയുടെ അന്വേഷണം നാളെ തുടങ്ങും.

‘‘ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്താലും എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യില്ല. ഇവിടെ ഇരട്ടനീതിയാണു നിലനിൽക്കുന്നത്.’’

വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

‘‘കെ.വിദ്യ എസ്എഫ്ഐ ഭാരവാഹിയല്ല. അന്വേഷണം നടക്കുന്നുണ്ട്. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നിലപാടു സർക്കാരിനില്ല.’’

മന്ത്രി പി.രാജീവ്

Related posts

‘വാഴ, ചേമ്പ്, കാച്ചിൽ, കപ്പ എല്ലാം നശിപ്പിച്ചു, കൃഷി തന്നെ നിർത്തേണ്ടിവരും’: പന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ

Aswathi Kottiyoor

‘പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത് ഒത്തിരി നാളുകൾക്ക് ശേഷം, എംടിക്ക് നന്ദി’; ഗീവർഗീസ് മാർ കൂറിലോസ്

Aswathi Kottiyoor

വഴിമുടക്കി പി ടി 5, പി ടി 14; കഞ്ചിക്കോട് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

Aswathi Kottiyoor
WordPress Image Lightbox