സംസ്ഥാനത്ത് വൈദ്യുതി വിതരണം കൂടുതൽ സുരക്ഷിതവും ആധുനികവുമായ ഏരിയൽ ബെഞ്ച്ഡ് കേബിളുകളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും ലൈൻ അറ്റകുറ്റപ്പണിക്കിടെയുണ്ടാകുന്ന ജീവാപായങ്ങൾക്ക് കുറവില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ 79 കരാർ തൊഴിലാളികൾക്കാണ് ലൈനുകളിൽനിന്ന് ഷോക്കേറ്റും മറ്റും ജീവൻ നഷ്ടമായത്.2016 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് അവസാനം വരെയുള്ള, വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കാണിത്. ശരാശരി 11 പേരാണ് വൈദ്യുതി ലൈൻ അറ്റകുറ്റപ്പണിക്കിടെ ഓരോ വർഷവും മരിക്കുന്നത്.
ലൈൻ അറ്റകുറ്റപ്പണി ചെയ്യുന്നത് ഏറെയും കരാർ ജീവനക്കാരാണ്. സർക്കാറിന്റെയോ വകുപ്പിന്റെയോ ആനുകൂല്യങ്ങളോ പരിരക്ഷകളോ ഏറെയില്ലാത്തവരാണ് ഇവർ. ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടുമ്പോൾ മരണാനന്തര നഷ്ടപരിഹാരമായി തുക അനുവദിക്കുന്നതിലും രണ്ടു രീതിയാണുള്ളത്.
അടങ്കൽ തുക അഞ്ചു ലക്ഷം രൂപയിൽ കുറവുള്ള, ചെറുകിട കരാറുകാരുടെ കീഴിൽ പണിയെടുക്കുന്ന തൊഴിലാളികൾ മരിച്ചാൽ നഷ്ടപരിഹാരം വൈദ്യുതി വകുപ്പ് നൽകും. അടങ്കൽതുക അഞ്ചു ലക്ഷത്തിനു മുകളിലാണെങ്കിൽ നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം കരാറുകാരനാണ്.