26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം
Uncategorized

കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം

കോഴിക്കോട്∙ കോടതി ശിക്ഷിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതോടെ ഒഴിവു വന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു മുന്നൊരുക്കം. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നൊരുക്കം ആരംഭിച്ചതായാണ് വിവരം. കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടറാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ എട്ടു മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണിൽ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോൾ പൂർത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് ഡെപ്യൂട്ടി കലക്ടറുടെ പേരിലുള്ള നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടും അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കലക്ടറേറ്റിൽ ആരംഭിച്ചത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതു മുതൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും, ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി നടപടികൾ സ്വീകരിക്കുന്നത് ഇതാദ്യമാണ്.

2019 ൽ ടി.സിദ്ദിഖിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച ശേഷമായിരുന്നു വയനാട്ടിലേക്ക് രാഹുലിന്റെ വരവ്. നേതാവിനു വേണ്ടി സന്തോഷപൂർവം വഴി മാറിയ സിദ്ദിഖ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കൽപറ്റയിൽ നിന്നുളള നിയമസഭാംഗമാണിപ്പോൾ. തിരക്കുകൾക്കിടയിലും വയനാടിനെ കൃത്യമായി പരിചരിച്ചു വന്ന ലോക്സഭാംഗമാണ് രാഹുൽഗാന്ധി. 5 ദിവസം മുൻപും മണ്ഡലത്തിലെത്തിയിരുന്നു. ദേശീയ പ്രതിപക്ഷ ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ട എന്ന അഭിപ്രായമുണ്ടെങ്കിലും 2024 ലും അദ്ദേഹം വയനാട്ടിൽ തന്നെ മത്സരിക്കുമെന്നായിരുന്നു സൂചന.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നപക്ഷം സ്ഥാനാർഥി ആരായാലും രാഹുലിന്റെ ലോക്സഭാ രക്തസാക്ഷിത്വമാകും ചർച്ചാവിഷയം. രാഹുൽ തന്നെയാകും പ്രചാരണവും നയിക്കുക. ബിജെപിയുടെ ഫാഷിസ്റ്റ് നടപടികൾ വരുത്തിവച്ച ഉപതിരഞ്ഞെടുപ്പ് എന്നതാകും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ചിത്രം. വയനാട്ടിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബിജെപിക്കും കഴിയില്ല ഈ സാഹചര്യത്തിൽ സിപിഎം എന്തു നിലപാടെടുക്കും എന്നതാണ് പ്രധാനം.

Related posts

മൂന്നു പേരെ കുക്കി വിഭാഗക്കാർ കൊന്നു, പൊട്ടിത്തെറിയുടെ വക്കിൽ മണിപ്പുർ; കലാപത്തീ വീണ്ടും

Aswathi Kottiyoor

ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

കേരളം വേറെ ലെവല്‍; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും

Aswathi Kottiyoor
WordPress Image Lightbox