• Home
  • Uncategorized
  • അന്ന് എൻഎസ്ജി എത്തിയത് 10 മണിക്കൂറിനു ശേഷം; 51 മണിക്കൂറിൽ ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചു’
Uncategorized

അന്ന് എൻഎസ്ജി എത്തിയത് 10 മണിക്കൂറിനു ശേഷം; 51 മണിക്കൂറിൽ ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചു’

ന്യൂഡൽഹി ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഹർദീപ് പുരി. 36 മണിക്കൂറിലേറെ അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മന്ത്രിക്കെതിരെയാണ് കോൺഗ്രസിന്റെ വിമർശനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ ഭരണകാലത്ത് സംഭവിച്ച മുംബൈ ഭീകരാക്രമണത്തിൽ എൻഎസ്ജി 10 മണിക്കൂറിനു ശേഷമാണ് സ്ഥലത്തെത്തിയതെന്ന് ചൂണ്ടിക്കാട്ടിയ പുരി, ബാലസോറിൽ വെറും 51 മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കാനായെന്ന് അവകാശപ്പെട്ടു. ആദ്യം ‘എസ്പിജി’ എന്നാണ് പറഞ്ഞതെങ്കിലും, അതിലെ തെറ്റു മനസ്സിലാക്കിയ മന്ത്രി പിന്നീട് ‘എൻഎസ്ജി’ എന്നു തിരുത്തുകയും ചെയ്തു.

‘‘മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ, അതിനെ നേരിടാൻ അന്ന് എൻഎസ്ജി മുംബൈയിലെത്തിയത് 10 മണിക്കൂർ കഴിഞ്ഞാണ്. എന്നാൽ, ട്രെയിൻ അപകടം സംഭവിച്ച് അധികം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലസോറിലെത്തി ദുരന്തസ്ഥലം സന്ദർശിച്ചു. മൂന്നു കേന്ദ്രമന്ത്രിമാരും സ്ഥലത്തുണ്ടായിരുന്നു. അപകടം നടന്ന് 51 മണിക്കൂറിനുള്ളിൽ അവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുമായി’’ – ഹർദീപ് പുരി ചൂണ്ടിക്കാട്ടി.ബാലസോറിലുണ്ടായ വൻ ദുരന്തത്തിൽനിന്നു രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് തിടുക്കമെന്നും ഹർദീപ് പുരി വിമർശിച്ചു.

‘‘വലിയൊരു ദുരന്തം സംഭവിച്ച് രാജ്യം ഒന്നിച്ചുനിന്ന് അതിനെ നേരിടുമ്പോൾ, ചില പാർട്ടികൾ അതിന്റെ പേരിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണു ശ്രമിച്ചത്. മറ്റു ചിലരാകട്ടെ അതേസമയത്ത് വിദേശമണ്ണിൽ വച്ച് ഇന്ത്യയ്‌ക്കെതിരെ ക്യാംപെയ്ൻ നടത്താൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയും ചെയ്തു’’ – പുരി പറഞ്ഞു.

റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടക്കം മുതലേ രംഗത്തുള്ള തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയും രംഗത്തെത്തിയിരുന്നു.

‘‘2011ൽ 24 മണിക്കൂറിനിടെ രണ്ട് ട്രെയിൻ അപകടങ്ങൾ സംഭവിച്ചിരുന്നു. എഴുപതിലധികം പേർ മരിക്കുകയും ചെയ്തു. അന്ന് റെയിൽവേയ്ക്കായി ക്യാബിനറ്റ് മന്ത്രി പോലുമുണ്ടായിരുന്നില്ല. തൃണമൂൽ കോൺഗ്രസുകാരനായ സഹമന്ത്രിയോട് ഗുവാഹത്തി സന്ദർശിക്കാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം പോയില്ല. അന്ന് മുകുൾ റോയിയുടെ രാജി മമത ബാനർജിയും ആവശ്യപ്പെട്ടില്ല. എന്തുകൊണ്ടാണ് അത്?’’ – മാളവ്യ ട്വിറ്ററിൽ കുറിച്ചു.യുപിഎ സർക്കാരിൽ റെയിൽവേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരുടെ ട്രാക്ക് റെക്കോർഡ് ‘ദുരന്ത’മായിരുന്നുവെന്നും മാളവ്യ തുറന്നടിച്ചു. കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും യോഗ്യനായ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന ‘യോഗ്യരു’ടെ അവസ്ഥ ഇതാണെന്നു ചൂണ്ടിക്കാട്ടി, മമത ഉൾപ്പെടെയുള്ളവരുടെ കാലത്തുണ്ടായ ട്രെയിൻ അപകടങ്ങളുടെ പട്ടികയും മാളവ്യ ട്വീറ്റ് ചെയ്തു.

ഇതനുസരിച്ച്, മമത ബാനർജിയുടെ കാലത്ത് ട്രെയിനുകൾ ‍കൂട്ടിയിടിച്ച് 54 ഉം ട്രെയിനുകൾ പാളം തെറ്റി 839 ഉം അപകടങ്ങളുമുണ്ടായി. ആകെ മരിച്ചത് 1451 പേർ. നിതീഷ് കുമാറിന്റെ കാലത്ത് 79 കൂട്ടിയിടികളും 1000 പാളം തെറ്റിയുള്ള അപകടങ്ങളുമുണ്ടായി. മരിച്ചത് 1527 പേർ. ലാലു പ്രസാദ് യാദവിന്റെ കാലത്ത് 51 കൂട്ടിയിടികളിലും 550 പാളം തെറ്റിയുള്ള അപകടങ്ങളിലുമായി മരിച്ചത് 1159 പേർ.

Related posts

സ്റ്റോപ്പുകളിൽ നിന്ന് ആളെക്കയറ്റുന്നു, തോന്നിയ പോലെ ടിക്കറ്റ്; അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി

ലൈംഗിക പീഡന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു സുപ്രീം കോടതിയില്‍; തടസഹര്‍ജിയുമായി അതിജീവിത

Aswathi Kottiyoor

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 16?; പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ചീഫ് ഇലക്ടറൽ ഓഫീസർ

Aswathi Kottiyoor
WordPress Image Lightbox