നീല കാർഡുകാർക്കും 10.90 രൂപയ്‌ക്ക് ജൂലൈ മുതൽ റേഷൻകടവഴി അരി വിതരണം ചെയ്യുന്നത് പരിഗണിക്കാമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നീല കാർഡിലെ ഒരംഗത്തിന് കിലോക്ക് നാലുരൂപ വീതം രണ്ട് കിലോ അരിയാണ് അനുവദിക്കുന്നത്. ആറുകിലോ അധികമായി കിലോക്ക് 10.90 രൂപ നിരക്കിൽ നൽകാനാണ് ആലോചന. സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബുവും ഭക്ഷ്യ, ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
മറ്റ് പ്രധാന തീരുമാനങ്ങൾ
● റേഷൻകട നവീകരണത്തിന് നാലുശതമാനം പലിശയ്‌ക്ക് ഫെഡറൽ ബാങ്കിൽനിന്ന് വായ്‌പ ലഭ്യമാക്കും
● റേഷൻ കടകൾക്കും കെ–- ഫോൺ വഴിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ
● കമീഷൻ എല്ലാ മാസവും 11 മുതൽ വിതരണം ചെയ്യും. ഏപ്രിലിലെ കമീഷൻ ഉടൻ നൽകും. മെയ് മാസത്തേത് 14 മുതൽ.
● ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയശേഷം റേഷൻ കടക്കാർക്കുള്ള ഗുണദോഷങ്ങൾ പഠിക്കാൻ കമീഷനെ നിയമിക്കും
● ആട്ടയ്‌ക്ക് ഒരേ കളർ പായ്‌ക്കറ്റ്
● റേഷൻ വ്യാപാരികൾക്ക് നൽകുന്ന കമീഷന് പേ സ്ലിപ് നൽകും
● റേഷൻ കട ലൈസൻസിക്ക് രണ്ടുമാസംവരെ പ്രത്യേക അവധി അനുവദിക്കും
● പത്തുവർഷം പൂർത്തിയാക്കിയ, പഞ്ചായത്തിലെ റേഷൻ കടയിലെ സെയിൽസ്‌മാന് ഒഴിവുവരുന്ന റേഷൻ കട അനുവദിക്കുമ്പോൾ മുൻഗണന
● ഭക്ഷ്യധാന്യങ്ങൾ രണ്ടുമാസംവരെ കടമായി അനുവദിക്കും