ഇന്നലെ രാവിലെ 6.15ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുകയായിരുന്നു ആൻ മരിയ. കുറച്ചുകഴിഞ്ഞപ്പോൾ ആൻ മരിയ ബോധരഹിതയായി വീണു. ഉടൻ കാറിൽ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചതോടെ എറണാകുളത്തേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
അടിമാലി പണിക്കൻകുടിയിൽ സ്കൂൾ പ്രവേശനോത്സവ പരിപാടിക്കെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ വിവരമറിഞ്ഞതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ സേവനം തേടി. പൊലീസ് അകമ്പടിയോടെ 11.30നു കട്ടപ്പനയിൽ നിന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഐസിയു ആംബുലൻസ് പുറപ്പെട്ടു. മണിക്കുട്ടനായിരുന്നു ഡ്രൈവർ. സഹഡ്രൈവർ തോമസ് ദേവസ്യ, നഴ്സുമാരായ ടിൻസ് ഏബ്രഹാം, ബിബിൻ ബേബി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മൂവാറ്റുപുഴ മുതൽ മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസിന് അകമ്പടി ചേർന്നു. വൈറ്റിലയിൽ ഉൾപ്പെടെ അൽപനേരത്തേക്കു ഗതാഗതം തടഞ്ഞും പ്രധാന ജംക്‌ഷനുകളിലെ സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്തും ആംബുലൻസ് കടത്തിവിട്ടു. കൃത്യം 2.29ന് ആംബുലൻസ് അമൃതയിലെത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള ആൻ മരിയ 72 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നന്ദിയറിയിച്ച് മന്ത്രി റോഷി
പ്രതിസന്ധിഘട്ടങ്ങളിൽ ഒരുമിച്ചു നിൽക്കുന്ന മലയാളിയുടെ ഐക്യം ഒരിക്കൽക്കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. എല്ലാവരോടും ഏറെ നന്ദിയുണ്ട്. ആൻ മരിയയുടെ ആരോഗ്യസ്ഥിതി ആശാവഹമാണെന്നു ഡോക്ടർമാർ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.