25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പുതുതലമുറ ഗതിനിർണയ ഉപഗ്രഹം ലക്ഷ്യത്തിൽ.
Uncategorized

പുതുതലമുറ ഗതിനിർണയ ഉപഗ്രഹം ലക്ഷ്യത്തിൽ.

തിരുവനന്തപുരം> തദ്ദേശീയമായി വികസിപ്പിച്ച രണ്ടാംതലമുറ ഗതിനിർണയ ഉപഗ്രഹം ലക്ഷ്യത്തിലെത്തിച്ച്‌ ഐഎസ്‌ആർഒ. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. തിങ്കൾ പകൽ 10.42 ന്‌ എൻവിഎസ്‌–-1 ഉപഗ്രഹവുമായി ജിഎസ്‌എൽവി എഫ്‌ 12 റോക്കറ്റ്‌ കുതിച്ചു.

വിക്ഷേപണത്തിന്റെ അഞ്ചാം മിനിറ്റിൽ റോക്കറ്റിന്റെ ക്രയോഘട്ടം കൃത്യതയോടെ ജ്വലിച്ചു. പതിനെട്ടാം മിനിറ്റിൽ പേടകം നിശ്‌ചിത ഭ്രമണപഥത്തിലെത്തി. തുടർന്ന്‌ പേടകത്തിലെ സൗരോർജ പാനലുകൾ നിവർന്നു. ഉപഗ്രഹത്തിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി ഐഎസ്‌ആർഒ അറിയിച്ചു.

ജിപിഎസിന്റെ ഇന്ത്യൻ പതിപ്പായ നാവികിന്‌ ശക്തിപകരാനുള്ള ഉപഗ്രഹമാണിത്‌. നാല്‌ ഉപഗ്രഹംകൂടി ഈ ശ്രേണിയിൽ വിക്ഷേപിക്കും. മെച്ചപ്പെട്ട ഗതിനിർണയ, സ്ഥാനനിർണയ സേവനങ്ങൾ ലഭ്യമാക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ട്‌. മൊബൈൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാകും.

കപ്പൽഗതാഗതം, വ്യോമഗതാഗതം, ദുരന്തനിവാരണം, ഭൂപട നിർമാണം, വാർത്താവിനിമയം, മത്സ്യബന്ധനം, ഉപഗ്രങ്ങളുടെ സ്ഥാന നിർണയം, പവർഗ്രിഡുകൾ തുടങ്ങിയ മേഖലകൾക്ക്‌ ഈ ഉപഗ്രഹ ശൃംഖല സഹായകമാകും. ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ, മിഷൻ ഡയറക്ടർ എൻ പി ഗിരി നേതൃത്വം നൽകി.

ചന്ദ്രയാൻ 3, ആദിത്യ ദൗത്യങ്ങൾ ഉടൻ:- എസ്‌ സോമനാഥ്‌

ചന്ദ്രനിലേക്കുള്ള ലാന്റർ ദൗത്യമായ ചന്ദ്രയാൻ 3, ജൂലൈയിൽ തന്നെയെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌. ജിഎസ്‌എൽവി മാർക്ക്‌ 3 റോക്കറ്റാണ്‌ ഇതിനായി ഉപയോഗിക്കുക. സൂര്യനെ പഠിക്കുന്നതിനുള്ള ആദിത്യ ദൗത്യം ആഗസ്‌തിലുണ്ടാകും. മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്നതിന്‌ മുന്നോടിയായുള്ള ആദ്യ പരീക്ഷണ പറക്കലും ആഗസ്‌തിൽ ലക്ഷ്യമിടുന്നു. സെപ്‌തംബർ–-ഓക്ടോബർ മാസങ്ങളിൽ മൂന്ന്‌ പിഎസ്‌എൽവി വിക്ഷേപണം ഉണ്ടാകും. നാസയുമായി ചേർന്നുള്ള നിസാർ ദൗത്യം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും–- ചെയർമാൻ അറിയിച്ചു.തദ്ദേശീയമായി അറ്റോമിക്‌ ക്ലോക്ക്‌ വികസിപ്പിച്ച്‌ ഐഎസ്‌ആർഒ

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ അറ്റോമിക്‌ ക്ലോക്ക്‌ വികസിപ്പിച്ച്‌ ഐഎസ്‌ആർഒ. ഗതിനിർണയ (ജിപിഎസ്‌) ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുന്ന റുബീഡിയം അറ്റോമിക്‌ ക്ലോക്ക് വികസിപ്പിച്ചത്‌ അഹമ്മദാബാദ്‌ സ്‌പേയ്‌സ്‌ ആപ്ലിക്കേഷൻ സെന്ററാണ്‌. തിങ്കളാഴ്‌ച വിക്ഷേപിച്ച നാവിക്‌ ഉപഗ്രഹം എൻവിഎസ്‌–-1 ൽ ഈ ക്ലോക്ക്‌ ആദ്യമായി ഉപയോഗിച്ചു. സങ്കീർണമായ സാങ്കേതിക വിദ്യയോടെയുള്ള അറ്റോമിക്‌ ക്ലോക്കുകൾ നാസ, റഷ്യ, ചൈന തുടങ്ങിയ ബഹിരാകാശ ഏജൻസികൾ മാത്രമേ ഉപയോഗിക്കുന്നുള്ളു. നേരത്തേ വിക്ഷേപിച്ച ഏഴ്‌ നാവിക്‌ ഉപഗ്രഹങ്ങളിൽ വിദേശത്തുനിന്ന്‌ വാങ്ങിയ അറ്റോമിക്‌ ക്ലോക്കുകളാണ്‌ ഉപയോഗിച്ചത്‌. ഇവയുടെ സാങ്കേതിക പ്രശ്‌നങ്ങൾ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ ഐഎസ്‌ആർഒ ഈ രംഗത്ത്‌ കൂടുതൽ ഗവേഷണത്തിന്‌ തുടക്കമിട്ടത്‌.

Related posts

അപൂര്‍വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ഉയരുന്ന കേസുകള്‍ ചൈനയില്‍ ആശങ്കയാകുന്നു

Aswathi Kottiyoor

സമരത്തിനിടെ കർഷകൻ മരിച്ചു; കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം

Aswathi Kottiyoor

സെപ്റ്റിക് ടാങ്ക് പരിശോധിക്കുമ്പോൾ കാഴ്ചക്കാരനായി കലാധരനും; കലയുടെ കൊലപാതകം വിശ്വസിക്കാനാകാതെ സഹോദരന്‍

Aswathi Kottiyoor
WordPress Image Lightbox