തിരുവനന്തപുരം ∙ നാട്ടിലിറങ്ങുന്ന വന്യജീവികളുടെ ആക്രമണം തടയുന്നതിനും ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനുമായി 40 ഫോറസ്റ്റ് സ്റ്റേഷനുകളും 7 ദ്രുതപ്രതികരണ സേനാ യൂണിറ്റുകളും (ആർആർടി) ആരംഭിക്കണമെന്ന വനം വകുപ്പിന്റെ ശുപാർശയോട് 5 വർഷമായി മുഖംതിരിച്ച് ധന വകുപ്പ്. അഞ്ചു വർഷത്തിനിടെ നാലു തവണ ആവശ്യം ഉന്നയിച്ച് വനം വകുപ്പ് കത്തു നൽകിയിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പ് അംഗീകാരം നൽകിയിട്ടില്ല.
ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം 20 ആയി കുറച്ച് പുതുക്കിയ ശുപാർശ വനംവകുപ്പ് നൽകിയിട്ടും ഫയലിൽ തീരുമാനമെടുത്തിട്ടില്ല. ഫോറസ്റ്റ് സ്റ്റേഷനുകളും ആർആർടികളും ആരംഭിക്കുന്നതിന് പുതിയ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തണമെന്നു രേഖപ്പെടുത്തി ഒരു മാസം മുൻപ് ധനവകുപ്പ് ഫയൽ മടക്കി. വന്യജീവി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ, 2018ൽ ആണ് അന്നത്തെ വനം മന്ത്രി കെ.രാജു ആദ്യ ശുപാർശ നൽകിയത്.
ആർആർടികൾക്കായി തസ്തിക സൃഷ്ടിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു പറഞ്ഞാണ് ധനവകുപ്പ് ആദ്യം ഫയൽ മടക്കിയത്. ആദിവാസികളിൽ നിന്നു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി തിരഞ്ഞെടുത്തവരുടെ സേവനം ആർആർടിയിൽ ഉപയോഗിക്കാമെന്നു പറഞ്ഞ് രണ്ടാംതവണ വനംവകുപ്പ് കത്തു നൽകിയിട്ടും അംഗീകരിച്ചില്ല.
ഒരു ജില്ലയിൽ ഒരു ആർആർടി യൂണിറ്റ് അടിസ്ഥാനത്തിൽ 7 എണ്ണം അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ശുപാർശ നൽകി. ഇതിനു ശേഷം ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം 20 ആയി കുറച്ച് വീണ്ടും ശുപാർശ കൈമാറിയിട്ടും ധനവകുപ്പ് അനങ്ങിയില്ല. തുടർന്നാണ് ഫയൽ മടക്കിയത്. ആർആർടികളും ഫോറസ്റ്റ് സ്റ്റേഷനുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം ധനവകുപ്പിന് കുറിപ്പു നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല.