ഇരിട്ടി: രാജ്യത്തിന് അഭിമാനമുള്ള വ്യക്തിയായി മാറണം എന്ന തോന്നൽ എല്ലാവരുടെയും ഉള്ളിൽ ഉണ്ടാവണ മെന്നും നമുക്ക് കിട്ടിയ ജീവിതം വെറുതേ ജീവിച്ചു തീർക്കാനുള്ളതല്ലെന്നും പ്രശസ്ത സിനിമാസംവിധായകൻ മേജർ രവി പറഞ്ഞു. ഭൂട്ടാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ്ബോൾ മത്സരത്തിൽ ജേതാക്കളായ ടീമിലെ അംഗമായ തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനി അനുശ്രീ ഹരീന്ദ്രന് പടിക്കച്ചാൽ ഗോകുലം ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ജീവിച്ചിരുന്നു എന്ന് വരും തലമുറ നമ്മെ ഓർക്കണമെങ്കിൽ ഓരോ മനുഷ്യന്റെയും ജീവിതം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാവണം. ജയവും പരാജയവും എല്ലാവര്ക്കും ഉണ്ടാകും. എല്ലാ കാര്യങ്ങളും പോസിറ്റിവായി കണ്ടാൽ ജീവിത വിജയം നേടാം. നമുക്ക് ജന്മം നൽകിയ അച്ഛനമ്മമാർക്ക് അഭിമാനിക്കാവുന്ന പ്രവർത്തി മാത്രം ചെയ്യുക. നമ്മുടെ ഭാരതമെന്ന ഈ മണ്ണിനെ ഒരിക്കലും കളങ്കപ്പെടുത്താതിരിക്കുകയും അതിനായി സമൂഹത്തോട് ഒരിക്കലും തെറ്റ് ചെയ്യില്ല എന്ന പ്രതിജ്ഞ ഓരോരുത്തരും എടുക്കണമെന്നും മേജർ രവി പറഞ്ഞു.
യോഗത്തിൽ വാർഡ് മെമ്പർ മനോജ് പടിക്കച്ചാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി മുഖ്യ ഭാഷണം നടത്തി. പഞ്ചായത്തംഗം എം.കെ. ആനന്ദവല്ലി, എം.വി. ശ്രീധരൻ, പ്രജീഷ് കുന്നുമ്മൽ, കെ.ഇ. ബിജു എന്നിവർ സംസാരിച്ചു.