കണിച്ചാർ: പഞ്ചായത്തിലെ ചെങ്ങോം വാർഡിലെ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി വരുന്നതിനെതിരായി സ്പെഷ്യൽ ഗ്രാമ സഭ ചേർന്നു. ക്വാറിക്കെതിരെ ആനന്ദ് കുമാർ പാറയിടയിൽ അവതരിപ്പിച്ച് തങ്കച്ചൻ ചുള്ളമ്പുഴ പിന്താങ്ങിയ പ്രമേയത്തെ ഗ്രാമസഭ ഐക്യകണ്ഠേന അംഗീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. വാർഡംഗം വി.കെ. ശ്രീകുമാർ സ്പെഷ്യൽ ഗ്രാമസഭയിൽ സ്വാഗതം പറഞ്ഞു. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, ഏലപ്പീടിക മേഖലകളിലെ രണ്ട് കരിങ്കൽ ക്വാറികൾ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തുറന്ന് പ്രവർത്തിപ്പിക്കാൻ പ്രദേശവാസികൾ അനുവദിച്ചിരുന്നില്ല.
ഈ സാഹചര്യം നിലനിൽക്കെയാണ് പഞ്ചായത്തിൽ പുതിയൊരു കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം തുടങ്ങിയത്. പ്രദേശവാസികൾ ഇതിനെതിരെ ഒന്നടങ്കം പ്രതിഷേധത്തിലാണ്. സ്പെഷൽ ഗ്രാമസഭയിൽ ക്വാറിക്കെതിരെ സംസാരിച്ച ചിലരെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് രാജമുടി സ്വദേശി ചൊള്ളമ്പുഴയിൽ ചാർലി ജോസഫ് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കേളകം പോലീസിൽ പരാതി നല്കിയിട്ടുണ്ട്.