കൊട്ടിയൂർ ക്ഷേത്രം വൈശാഖ മഹോത്സവം ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ച് വിപുലമായ സൗകര്യം ഒരുക്കിയതായി ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻനായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അക്കരെ കൊട്ടിയൂരിലെ കയ്യാലകളുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഹരിത പെരുമാറ്റച്ചട്ടം പൂർണമായും പാലിച്ചായിരിക്കും ഉത്സവം. നെയ്‌പ്പായസം പേപ്പർ കണ്ടെയ്‌നറിലും ആടിയ നെയ്യ് പാക്കിങ് ഫിലിമിലും നിറച്ചാണ് വിതരണം ചെയ്യുക. ശുചീകരണത്തിന് കൂടുതൽ തൊഴിലാളികളെ ഏർപ്പാടാക്കിയിട്ടുണ്ട്. പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്‌ഇബി, കെഎസ്‌ആർടിസി സേവനം 24 മണിക്കൂറും ഉണ്ടാകും
വാഹനം പാർക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യമുണ്ട്. താമസത്തിന് ദേവസ്വം റെസ്‌റ്റ് ഹൗസുകൾക്കുപുറമെ, മന്ദംചേരിയിലും ഇക്കരെകൊട്ടിയൂരിലുമുള്ള ദേവസ്വം സത്രങ്ങളിലും സൗകര്യമുണ്ട്. ഹൈക്കോടതി നിർദേശമുള്ളതിനാൽ അക്കരെകൊട്ടിയൂരിൽ ഒരുവിധ തൽസമയ ചിത്രീകരണവും പാടില്ലെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്. തൃക്കലശാട്ടത്തോടെ 28ന് ഉത്സവം സമാപിക്കും.
വാർത്താസമ്മേളനത്തിൽ ട്രസ്‌റ്റിമാരായ രവീന്ദ്രൻ പൊയിലൂർ, എൻ പ്രശാന്ത്, എക്‌സിക്യൂട്ടീവ് ഓഫീസർ കെ നാരായണൻ എന്നിവരും പങ്കെടുത്തു.