26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സ്മാർട് മീറ്ററിൽ പ്രതിസന്ധി: തിരക്കിട്ടു വേണ്ടെന്ന് സംസ്ഥാനം, ഫണ്ട് മറ്റുള്ളവർക്കുകൊടുക്കുമെന്ന് കേന്ദ്രം
Kerala

സ്മാർട് മീറ്ററിൽ പ്രതിസന്ധി: തിരക്കിട്ടു വേണ്ടെന്ന് സംസ്ഥാനം, ഫണ്ട് മറ്റുള്ളവർക്കുകൊടുക്കുമെന്ന് കേന്ദ്രം

സംസ്ഥാനത്തെ വൈദ്യുതി സ്മാർട് മീറ്റർ പദ്ധതി പ്രതിസന്ധിയിൽ. നടപ്പാക്കിയില്ലെങ്കിൽ സബ്സിഡിയായി ലഭിക്കേണ്ട കോടിക്കണക്കിനു രൂപ മറ്റു സംസ്ഥാനങ്ങൾക്കു നൽകുമെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരക്കിട്ടുവേണ്ടെന്നും ഘട്ടം ഘട്ടമായി മതിയെന്നുമുള്ള നിലപാടിലാണു ഒരുവിഭാഗം വിദഗ്ധരും ബോർഡിലെ സംഘടനകളും. പ്രശ്നപരിഹാരത്തിനു സാധ്യത തേടി സംഘടനകളുടെ രാഷ്ട്രീയനേതൃത്വവുമായി വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നാളെ ചർച്ച നടത്തും.‌ 
വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള തുകയുടെ 60 ശതമാനവും സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിന്റെ 15 ശതമാനവും (പരമാവധി 900 രൂപ) ആണു കേന്ദ്ര സബ്സി‍ഡി. കേന്ദ്രം എംപാനൽ ചെയ്ത സ്വകാര്യകമ്പനികളെ പദ്ധതി ഏൽപിക്കുന്നതിലാണു സംഘടനകൾക്ക് എതിർപ്പ്. സ്മാർട് മീറ്ററുകളിൽ ഏറെയും ഇറക്കുമതി ചെയ്യുന്നതാണ്.

കേന്ദ്രസ്ഥാപനമായ സിഡാക് ഇതു നിർമിക്കുന്നതിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ആറോളം കമ്പനികൾക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന സ്മാർട് മീറ്ററിനു വില കുറവാണെന്നും അതാണു കേരളത്തിൽ സ്ഥാപിക്കേണ്ടതെന്നുമാണു ബോർഡിലെ സംഘടനകളുടെ വാദം. എന്നാൽ സിഡാക്കിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ മീറ്റർ നിർമിച്ചു നൽകുന്ന നിലയിലായിട്ടില്ലെന്നാണു വിവരം. മാത്രമല്ല, ആ കമ്പനികൾ കേന്ദ്രം എംപാനൽ ചെയ്ത പട്ടികയിൽ ഉൾപ്പെടുകയും വേണം. 

ട്രാൻസ്ഫോമർ, ലൈനുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സ്മാർട് മീറ്ററിന്റെ സർവീസ് ചാർജ് സ്വകാര്യ കമ്പനിക്കു വൈദ്യുതി ബോർഡ് നൽകണം. ആദ്യ ഘട്ടമായി 37 ലക്ഷം സ്മാർട്മീറ്റർ സ്ഥാപിക്കാനാണു ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രം നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇതു നടക്കില്ല.

എതിർക്കുന്നവരുടെ വാദങ്ങൾ: 

∙ പ്രസരണവിതരണനഷ്ടവും മോഷണവും തടഞ്ഞു വൈദ്യുതി വിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര സർക്കാർ സ്മാർട് മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്. പല സംസ്ഥാനങ്ങളിലും വിതരണനഷ്ടം 30 – 40% വരെ. ഇത് 10% കുറച്ചാൽ പോലും കോടിക്കണക്കിനുരൂപ ലാഭമാകും. കേരളത്തിൽ പ്രസരണവിതരണ നഷ്ടം വെറും 7% ആണ്. സ്മാർട് മീറ്റർ വന്നാലും 5–6% ആയി നിൽക്കും. അതിനാൽ സ്മാർട് മീറ്റർ സ്ഥാപിക്കാൻ തിരക്കുകൂട്ടേണ്ടതില്ല. 

∙ സ്മാർട് മീറ്റർ സ്ഥാപിക്കുന്ന കമ്പനി 7വർഷം വരെ അതു പരിപാലിക്കുമെന്നാണു ചില സംസ്ഥാനങ്ങളിൽ ഒപ്പു വച്ച കരാറിൽ പറയുന്നത്. ഇതിനായി ഉപയോക്താക്കൾ മാസം 80–100 രൂപ കമ്പനിക്കു നൽകണം. കേരളത്തിൽ ഒരാളുടെ റീഡിങ് എടുക്കുന്നതിന് ഇപ്പോൾ 8 രൂപയാണു ചെലവ്. പുറമേ മീറ്റർ വാടക കൂടി ചേർത്താലും ഇത്രയും തുക വരുന്നില്ല. 

∙ മീറ്ററിലെ റീഡിങ് അനുസരിച്ചു ബിൽ നൽകുന്നതും കമ്പനിയുടെ ചുമതലയാണ്. ഇത്തരം വിവരങ്ങൾ സ്വകാര്യ കമ്പനിക്കു നൽകുന്നതിനെ ബോർഡിലെ സംഘടനകൾ എതിർക്കുന്നു.

​എന്താണ് സ്മാർട് മീറ്റർ ? 

∙പ്രീ പെയ്ഡ് സൗകര്യം ഉള്ളതിനാൽ വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾക്കു നിരീക്ഷിക്കാനാകും. മൊബൈൽ ആപ്പുകളും ഇതിനായി ഉപയോഗിക്കാം. 

∙ഓഫിസിൽ ഇരുന്നുതന്നെ വൈദ്യുതി ബന്ധം വിഛേദിക്കാനും പുനഃസ്ഥാപിക്കാനും എത്ര വൈദ്യുതി ഉപയോഗിച്ചു എന്ന് കണക്കാക്കാനും ബോർഡ് അധികൃതർക്കു കഴിയും. ഇപ്പോൾ വൈദ്യുതി ഉപയോഗിച്ച് ഒരു മാസം കഴിയുമ്പോഴാണു ബോർഡിനു പണം ലഭിക്കുന്നത്. എന്നാൽ പ്രീപെയ്ഡ് സ്മാർട് മീറ്റർ വന്നാൽ പണം അഡ്വാൻസ് ആയി ലഭിക്കും. 

∙ ഉപയോക്താക്കളിൽനിന്നു കാഷ് ഡിപ്പോസിറ്റ് പിരിക്കുന്നതും 4,000 മീറ്റർ റീഡർമാരും ഇല്ലാതാകും. 

∙ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ചു വ്യത്യസ്ത നിരക്ക് (ടിഒ‍ഡി) നിലവിൽ വരും. നിരക്കു കൂടുതലുള്ള സമയം ഉപഭോക്താവിനു വേണമെങ്കിൽ ഉപയോഗം കുറയ്ക്കാം. ആവശ്യമെങ്കിൽ സ്മാർട് മീറ്റർ പോസ്റ്റ് പെയ്ഡ് ആയും പ്രവർത്തിപ്പിക്കാം. പ്രീപെയ്ഡ് വേണം എന്നാണു കേന്ദ്ര നി‍ർദേശം. 

Related posts

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന​​തു വി​​വാ​​ഹ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ന്ന്

Aswathi Kottiyoor

കടയിൽ പോകാൻ വാക്സീൻ കടമ്പ; സഭയിൽ ‘അഭികാമ്യം’, ഉത്തരവിൽ ‘കർശനം’.

Aswathi Kottiyoor

ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ‘കോടതി വിളക്ക്’ ആഘോഷിച്ചു.

Aswathi Kottiyoor
WordPress Image Lightbox