ജയ്പുര്‍: മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഗജേന്ദ്രസിങ് ശെഖാവത്. മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ ഗജേന്ദ്രസിങ് ശെഖാവത് അന്വേഷണം ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.
അഴിമതികളില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ സ്വാധീനമില്ലാത്ത അന്വേഷണം നടത്തണമെന്ന് ശെഖാവത് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നത്. രാജസ്ഥാന്‍ ബി.ജെ.പിയിലെ അസ്വാരസ്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് കരുതുന്നത്. അശോക് ഗഹലോത്തിനൊപ്പം വസുന്ധര രാജയേയും ലക്ഷ്യമിട്ടാണ് ശെഖാവത്തിന്റെ ആവശ്യമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിലും ബി.ജെ.പിയിലും മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ബി.ജെ.പി. അധികാരത്തിലെത്തിയാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള വസുന്ധരരാജയും ശെഖാവത്തും ഏറെ നാളായി നല്ലബന്ധത്തിലല്ല.
വസുന്ധര രാജെയുടെ കാലത്തെ അഴിമതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. ശെഖാവത്തിനെതിരെ പ്രധാന ആരോപണം ഉയര്‍ന്ന സഞ്ജീവനി കുംഭകോണത്തില്‍ എന്തുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് മൗനം പാലിക്കുന്നതെന്ന ചോദ്യവുമായി ഗഹലോത്ത് പക്ഷം രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പൈലറ്റിന്റെ നീക്കത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശെഖാവത്തുമാണെന്ന ആരോപണവുമായി നേരത്തേ ഗഹലോത്ത് തന്നെ രംഗത്തെത്തിയിരുന്നു.