കീഴല്ലൂർ : പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹരിലത ആസ്പത്രിക്ക് പിറകിൽ മാലിന്യക്കൂന കണ്ടെത്തി. ജൈവ – അജൈവ മാലിന്യങ്ങൾ നിരോധിത ക്യാരീ ബാഗുകളിൽ നിറച്ച് വലിച്ചെറിഞ്ഞ നിലയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഡിസ്പോസിബിൾ കപ്പുകൾ, പ്ളേറ്റുകൾ, ആസ്പത്രി മാലിന്യങ്ങൾ, ട്യൂബ് ലൈറ്റുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയൊക്കെ കൂട്ടിക്കലർത്തിയാണ് കെട്ടിടത്തിനോട് ചേർന്ന് നിക്ഷേപിച്ചിരുന്നത്. 24 മണിക്കൂറിനകം സ്ഥലം വ്യത്തിയാക്കി റിപ്പാർട്ട് ചെയ്യാൻ എൻഫോഴ്സ്മെൻ്റ് നിർദ്ദേശം നൽകി.
മാലിന്യ പരിപരിപാലനം സംബന്ധിച്ച വിവിധ ചട്ടങ്ങൾ പാലിക്കാത്തതിനാൽ 25000 രൂപ പിഴ ചുമത്താനും സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി. തൊട്ടടുത്ത കെട്ടിട ത്തിൽ ആസ്പത്രികാൻ്റീൻ കൂടിയായി പ്രവർത്തിക്കുന്ന ഹോട്ടൽ ‘അടുക്കള’യിൽ നിന്ന് പാർസൽ നൽകാൻ വേണ്ടി സൂക്ഷിച്ചു വച്ച മൂന്ന് കിലോ നിരോധിത ക്യാരീ ബാഗുകളും സ്ക്വാഡ് പിടിച്ചെടുത്തു. ഹോട്ടലിൽ നിന്നും അഴുക്കു വെള്ളം സംസ്കരിക്കുന്നതിന് സൗകര്യവും ഉണ്ടായിരുന്നില്ല. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിനും മാലിന്യ പരിപാലന ചട്ടങ്ങൾ ലംഘിച്ചതിനും ചേർന്ന് ഇരുപതിനായിരം രൂപ പിഴ ചുമത്താൻ എൻഫോഴ്സ്മെൻ്റ്റ് ടീം നിർദ്ദേശം നൽകി. പാചകപ്പുരയടക്കം തികച്ചും വൃത്തിഹീനമായ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ അടച്ചു പൂട്ടാൻ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നോട്ടീസ് നൽകി.
എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ റെജി. പി .മാത്യു, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറികുൽ അൻസാർ, സിവിൽ പോലീസ് ഓഫീസർ പി.പ്രമുൽ, അസി.സെക്രട്ടറി കെ.വി. ഷംന, എൻ.ബി. ബിജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ഡിജിൽ, പി. അഭിലാഷ്, സിജിൻ, കെ.വി. ഷാമി എന്നിവർ നേതൃത്വം നൽകി.