*ഇരിട്ടി:* കരിന്തളം -വയനാട് 400 കെവി ഇടനാഴി പദ്ധതി നടപ്പാക്കുമ്പോൾ നഷ്ടപരിഹാര തുക സംബന്ധിച്ച തീരുമാനമായില്ല. ഇതോടെഅയ്യൻകുന്നിലെ കർഷകർ കടുത്ത ആശങ്കയിലായി.
നിർമാണ പ്രവൃത്തികൾ ആരംഭിച്ച സ്ഥലങ്ങളിൽ കർഷക പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന നിർമാണ പ്രവൃത്തികൾ വീണ്ടും ആരംഭിക്കാനുള്ള തയാറെടുക്കുന്പോഴും നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് യാതൊരു തീരുമാനവും ആയില്ല. ഇതോടെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് കർഷകരുടെ നീക്കം.
അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലയിലൂടെയും കൃഷി സ്ഥലങ്ങളിലൂടെയുമാണ് ലൈൻ കടന്നുപോകുന്നത്. നാശ നഷ്ടങ്ങളുടെ കണക്കുകൾ സർക്കരും കെഎസ്ഇബി അധികൃതരും കണക്കാക്കിയിട്ടില്ലെന്നാണ് കർഷകരുടെ ആരോപണം. വന്യമൃഗങ്ങൾക്കും പ്രകൃതിക്ഷോഭത്തിനും പിന്നാലെ സർക്കാർ സംവിധാനങ്ങളും കർഷകനെ ദ്രോഹിക്കുന്നതാണെന്നാണ് ഇവരുടെ പരാതി.
ജില്ലാ കളക്ടർ മുതൽ വകുപ്പ് മന്ത്രിക്ക് വരെ പരാതികൾ നൽകി കാത്തിരിക്കുകയാണ് കർഷകർ. പൂർണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മലയോരത്തിലെ കർഷകരുടെ ഏക്കറുകളോളം വരുന്ന കൃഷിയിടങ്ങളാണ് ഇടനാഴിക്കുവേണ്ടി വിട്ടുനൽകേണ്ടത്.
ഇതോടെ പലകുടുംബങ്ങൾക്കും വരുമാനം നഷ്ടപ്പെടുന്ന അവസ്ഥയാണ്. വിപണി വില കണക്കാക്കി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപി ച്ചാൽ മാത്രമേ നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
ആലോചന യോഗത്തിൽ ഏബ്രഹാം പാരിക്കാപള്ളിൽ, ഷാജി മണലേൽ, പ്രിൻസ് ഫ്രാൻസിസ് നെടുമ്പുറം, ലൈജു ജോർജ് മടയംകുന്നേൽ, ഡെന്നി, റോബിൻസ് ജോർജ്, ത്രേസ്യാമ്മ മണലേൽ എന്നിവർ പ്രസംഗിച്ചു.