ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ്. അതിക്രമങ്ങളില്‍ ശിക്ഷ 7 വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ് ഒരുങ്ങുന്നത്. നിയമവകുപ്പ് കൂടി പരിശോധിച്ച് മറ്റന്നാള്‍ മന്ത്രിസഭ ഓര്‍ഡിനന്‍സ് പുറത്തിറക്കും.
കായികമായ അതിക്രമങ്ങള്‍ മാത്രമല്ല, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം വരെ നിയമത്തില്‍പ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. ആരോഗ്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ നഴ്‌സിങ് കോളേജുകള്‍ ഉള്‍പ്പടെ ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സ്വാശ്രയ കോളേജുകള്‍ക്ക് ഉള്‍പ്പടെ നിയമത്തിന്റെ സംരക്ഷണമുണ്ടാകും.
സുരക്ഷാ ജീവനക്കാര്‍, ക്ലറിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ വരെ നിയമപരിരക്ഷയില്‍ ഉള്‍പെടുത്താന്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇവരില്‍, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേര്‍ക്കാനാണ് ആലോചന. അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ മൂന്നില്‍ നിന്ന് 7 വര്‍ഷമാക്കും. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഉപകരണങ്ങള്‍ നശിപ്പിച്ചാല്‍ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂര്‍ത്തിയാകാനുള്ളത്.