21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഒറ്റമഴയിൽ തന്നെ റോഡുകളിൽ വെള്ളക്കെട്ട് ദുരിതത്തിലായി വീട്ടുകാരും നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും
Iritty

ഒറ്റമഴയിൽ തന്നെ റോഡുകളിൽ വെള്ളക്കെട്ട് ദുരിതത്തിലായി വീട്ടുകാരും നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും

ഇരിട്ടി: ഒറ്റമഴയിൽ തന്നെ റോഡുകളിലുണ്ടായ വെള്ളക്കെട്ടിൽ വലഞ്ഞ് നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും, വാഹനയാത്രികരും. ഇരിട്ടി – പേരാവൂർ റോഡിൽ ഹാജിറോഡ്, ജബ്ബാർക്കടവ്, ഇരിട്ടി- തളിപ്പറമ്പ് റോഡിൽ തന്തോട്, ഇരിട്ടി – മട്ടന്നൂർ റോഡിൽ ഉളിയിൽ യു പി സ്‌കൂളിന് സമീപം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.
ഇരിട്ടി – പേരാവൂർ റോഡിൽ ഹാജിറോഡിനു സമീപം വെള്ളക്കെട്ട് മൂലം ദുരിതത്തിലായത് പത്തോളം വീട്ടുകാരാണ്. ഇവിടെ റോഡിനിരുവശത്തും ഓവുചാൽ ഇല്ലാത്തതാണ് വര്ഷങ്ങളായി വെള്ളക്കെട്ടിനിടയാക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ റോഡിലൂടെ ഒഴുകിയെത്തിയ വെള്ളം പത്തോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡിലൂടെ കുത്തിയൊഴുകി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഇതിലൂടെയുള്ള യാത്ര ദുരവസ്ഥയിലായി. എല്ലാ വര്‍ഷങ്ങളിലും ഇതാണ് ഇവിടുത്തെ സ്ഥിതി. നിരവധി തവണ വീട്ടുകാരും നാട്ടുകാരും പ്രശ്‌ന പരിഹാരത്തിനായി പൊതുമരാമത്ത് അധികൃതരുടെ മുന്നില്‍ പരാതിയുമായി എത്തിയെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. റോഡിലെ വെള്ളക്കെട്ട് കാരണം പലപ്പോഴും വാഹനങ്ങളും ഇവിടെ അപകടത്തിൽ പെടാറുമുണ്ട്. കൊട്ടിയൂർ മഹോത്സവം ആരംഭിക്കാൻ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. ഉത്സവകാലത്ത് ആയിരക്കണക്കായ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോകുന്ന റോഡ് കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം വേണ്ടതായിട്ടുണ്ട്.
ഇതേ റോഡിൽ തന്നെയാണ് ജബ്ബാർക്കടവ് പാലത്തിന് സമീപവും ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ വലിയ വെള്ളക്കെട്ടുണ്ടായത്. ഇരു ഭാഗങ്ങളിലെയും ഓവുചാൽ ഇല്ലാത്തതാണ് ഇവിടെ വെള്ളക്കെട്ടുണ്ടാകാൻ ഇടയാക്കിയത്. വര്ഷങ്ങളായി ഇവിടെ ഇതുതന്നെയാണ് സ്ഥിതിയെങ്കിലും ഇതിനു പരിഹാരം കാണാതെ കണ്ണടച്ചിരിക്കുകയാണ് പൊതുമരാമത്ത് വിഭാഗം.
ഇരിട്ടി – തളിപ്പറമ്പ് പാതയിൽ തന്തോട് നിഖിൽ ആശുപത്രിക്ക് മുൻവശത്താണ് ശനിയാഴ്ച പെയ്ത മഴയിൽ വലിയ വെള്ളക്കെട്ടുണ്ടായത്. ഇവിടെ ഒരു കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി നടന്നു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചെളിനിറഞ്ഞ് റോഡിനിരുവശത്തുമുള്ള ഓവുചാൽ മുഴുവൻ മൂടിയ നിലയിലാണ്. ഇത് മാറ്റാത്തതാണ് വെള്ളക്കെട്ടിന്‌ കാരണമായത്. ഇതോടെ പ്രദേശത്തെ റോഡരികിലെ ഏഴോളം സ്ഥാപനങ്ങളിൽ വെള്ളം ഒഴുകിയെത്തി. ചെളിവെള്ളം നിറഞ്ഞ് വർക്ക്‌ ഷോപ്പ് അടക്കമുള്ള സ്ഥാപനങ്ങൾ പൂട്ടിയിടേണ്ടി വന്നു.
കെ എസ് ടി പി റോഡ് നവീകരണം നടന്ന തലശ്ശേരി- വളവുപാറ റോഡിൽ ഉളിയിൽ ടൗണിനു സമീപമാണ് മഴ ശക്തമാകുമ്പോൾ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പെയ്ത മഴയിൽ വലിയ വെള്ളക്കെട്ടാണ് ഇവിടെ ഉണ്ടായത്. റോഡ് നിർമ്മാണത്തിലെ അപാകതമൂലം ഓവുചാലിലൂടെ വെള്ളം ഒഴിഞ്ഞുപോകാത്തതാണ് ഇവിടെ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകാൻ കാരണം. ഇതുസംബന്ധിച്ച വിമർശനം കഴഞ്ഞ താലൂക്ക് വികസനയോഗത്തിൽ ഉയർന്നിരുന്നു. എന്നാൽ പരിഹാരനടപടികൾ നീണ്ടുപോവുകയാണ്.

Related posts

ആറളംഫാമിനെ വനവാസികളുടെ മരണശാലയാക്കി മാറ്റിയ പിണറായി സർക്കാർ വനവാസി സഹോദരങ്ങളോട് മറുപടി പറയണം – എം.ടി. രമേശ്

Aswathi Kottiyoor

കോവിഡ് ബാധിച്ച് ഇരിട്ടിയിലെ പലചരക്ക് മൊത്ത വ്യാപാരി മരിച്ചു

Aswathi Kottiyoor

സാന്ത്വന സ്‌പര്‍ശം; മന്ത്രിമാരുടെ അദാലത്തിന്‌ ഇരിട്ടിയില്‍ തുടക്കമായി……….

Aswathi Kottiyoor
WordPress Image Lightbox