26.4 C
Iritty, IN
June 24, 2024
  • Home
  • Uncategorized
  • മോദിയെ ‘കൈവിട്ട്’ രാഹുൽ, ‘കൈകൊടുത്ത്’ ന്യൂനപക്ഷങ്ങൾ; കർണാടക ‘കൈ’യ്യിലായ വഴി
Uncategorized

മോദിയെ ‘കൈവിട്ട്’ രാഹുൽ, ‘കൈകൊടുത്ത്’ ന്യൂനപക്ഷങ്ങൾ; കർണാടക ‘കൈ’യ്യിലായ വഴി


അനുഭവങ്ങളിൽനിന്നു കോൺഗ്രസ് പാഠം പഠിച്ചോ? കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വിലയിരുത്തുമ്പോൾ, അത്തരം ചില പാഠങ്ങളും പഠനങ്ങളും പതിവിലും വ്യക്തതയോടെ തെളിഞ്ഞുവരുന്നുണ്ട്. സമീപകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു തിരിച്ചടിയായ പല പിഴവുകളിലും വരുത്തിയ തിരുത്തലുകൾ, കർണാടകയിലെ വിജയത്തിൽ നിർണായകമായിട്ടുണ്ടെന്നു വ്യക്തം. പാർട്ടിക്ക് പതിവായി തിരിച്ചടിയാകാറുള്ള ആഭ്യന്തര കലഹങ്ങളിൽ തുടങ്ങി, സ്ഥാനാർഥി നിർണയത്തിലും പ്രചാരണ വിഷയങ്ങളിലും ഉൾപ്പെടെ ഈ തിരുത്തൽ നടപടികളുടെ പ്രതിഫലനം കാണാം.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും തമ്മിലുള്ള തർക്കങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കാതെ കൈകാര്യം ചെയ്യാൻ കോൺഗ്രസിനായി. സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നുവെന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. തർക്കവും അനൈക്യവും തിരഞ്ഞെടുപ്പു കളത്തിൽ പ്രതിഫലിക്കാതിരിക്കാനുള്ള ജാഗ്രത നേതൃത്വം കാട്ടി. മാത്രമല്ല, പിന്നാക്ക വോട്ടുകൾ സമാഹരിക്കുന്നതിൽ ദേശീയ പ്രസിഡന്റ് കൂടിയായ മല്ലികാർജുൻ ഖർഗെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ സ്വാധീനം ഫലപ്രദമായി ഉപയോഗിച്ചു.

പ്രാദേശിക’ കോൺഗ്രസ്

ദേശീയ വിഷയങ്ങൾ വിട്ട്, പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണം കോൺഗ്രസിന് ഗുണകരമായെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. 40% കരാർ കമ്മിഷൻ അഴിമതിയാരോപണം, വിലക്കയറ്റം, മുസ്ലിം സംവരണം തുടങ്ങിയവയെല്ലാം ആയുധമാക്കി. ഓരോ കുടുംബത്തിന്റെയും ബജറ്റിനെ നേരിട്ടു ബാധിക്കുന്ന 5 ഗാരന്റികൾ പ്രഖ്യാപിച്ചത് ഗ്രാമീണ മേഖലയിൽ വലിയ ചലനമുണ്ടാക്കി. ജയിച്ചാൽ അരിയും ജോലിയും നൽകുമെന്നും ഗ്യാസ് സിലിണ്ടറിന്റെയും വൈദ്യുതിയുടെയുമൊക്കെ നിരക്കു കുറയ്ക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ജനമനസ്സു ‘തൊട്ടു’ എന്നും ഈ ഫലം സാക്ഷ്യപ്പെടുത്തുന്നു.സ്ഥാനാർഥി നിർണയത്തിലും ഒരു മുഴം മുൻപേ…

സ്ഥാനാർഥി നിർണയത്തിൽ ഇത്തവണ കോൺഗ്രസ് പുലർത്തിയ ജാഗ്രത അധികാരം നേടുന്നതിൽ നിർണായകമായി. തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുമ്പോഴേക്കും എതിരാളികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തുന്നതായിരുന്നു ഇതുവരെയുള്ള കാഴ്ചയെങ്കിൽ, ഇത്തവണ ചിത്രം മാറി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ പകുതിയിലധികം സ്ഥാനാർഥികളെ നിശ്ചയിച്ചുകൊണ്ടായിരുന്നു തുടക്കം.

തർക്കങ്ങളുണ്ടായില്ല എന്നല്ല. പതിവിലും കടുത്ത തർക്കങ്ങളാണ് ഇത്തവണ ഉണ്ടായതെന്നതാണ് വസ്തുത. കൃത്യമായ രീതിയിൽ ‘രക്ഷാപ്രവർത്തനം’ നടത്തി മൂന്നു ഘട്ടമായിട്ടാണെങ്കിലും വിജയകരമായി സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ കോൺഗ്രസിനായി. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിച്ചതും നിർണായകമായി. പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയ ദിവസം രാവിലെ 7.55ന് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് കോൺഗ്രസ് ആദ്യ പട്ടിക പുറത്തുവിട്ടത്. പ്രചാരണത്തിൽ മാത്രമല്ല, സ്ഥാനാർഥി പ്രഖ്യാപനത്തിലും ബിജെപിയുടെ മുന്നിലോടുകയാണെന്ന ‘ശക്തിപ്രകടനം’ കൂടിയായിരുന്നു ഇത്.

ആദ്യ രണ്ടു ഘട്ടങ്ങളിലായി 166 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്കം രൂക്ഷമായ സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് അവസാന ഘട്ടത്തിലാണ്. രണ്ടു ഘട്ടങ്ങളിലായി 166 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ കണ്ടെത്തിയപ്പോൾ ഉണ്ടാകാത്ത തർക്കങ്ങളാണ് അവസാനത്തെ 57 സീറ്റുകളിലെ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായത്. സ്ഥാനാർഥി നിർണയത്തിനായി ചേർന്ന യോഗത്തിൽനിന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഇറങ്ങിപ്പോകുന്ന അവസ്ഥ പോലുമുണ്ടായി. മത, സാമുദായിക സംഘടനകളെ അടക്കം പൂർണമായി തൃപ്തിപ്പെടുത്തി സ്ഥാനാർഥി നിർണയം സാധ്യമല്ലെന്ന് പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാരും കർശന നിലപാടെടുത്തു. മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കോലാറിൽ, അദ്ദേഹത്തിന്റെ പേര് വെട്ടിയിട്ടും അതൊന്നും വൻ കലാപമായി മാറാതെ കൈകാര്യം ചെയ്യാനുള്ള നയതന്ത്രജ്ഞതയും ഇത്തവണ കോൺഗ്രസ് നേതൃത്വം പ്രകടമാക്കി.

∙ മോദിയെ ‘കൈവിട്ട്’ രാഹുൽ

തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്നതിന്റെ തോത് കുറച്ച് രാഹുൽ ഗാന്ധി നടത്തിയ ‘പരീക്ഷണ’വും വിജയം കണ്ടു. മോദിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങൾ രാഹുൽ പ്രചാരണായുധമാക്കി. കർണാടകയിലെ കോലാറിൽ മുൻപു നടത്തിയൊരു പ്രസംഗത്തിലെ ‘മോദി പരാമർശ’ത്തിൽ എംപി സ്ഥാനം തന്നെ നഷ്ടമായ അവസ്ഥയിലാണ് രാഹുൽ ഇത്തവണ പ്രചാരണത്തിനെത്തിയത്. മോദിയിൽനിന്ന് ‘അകലം പാലിക്കാൻ’ എടുത്ത തീരുമാനം ഗുണകരമായെന്നു ചുരുക്കം.
തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കിടെ കോൺഗ്രസ് തന്നെ അധിക്ഷേപിക്കുന്നു എന്നു പലകുറി പരാതിപ്പെട്ട മോദിയോട്, ഇടയ്ക്ക് കർണാടകയുടെ വികസനത്തെക്കുറിച്ചുകൂടി സംസാരിക്കൂ എന്ന് ഉപദേശിക്കുന്ന പുതിയൊരു രാഹുലിനെയും കണ്ടു. ബിജെപി നടപ്പാക്കിയതും ഇനി ചെയ്യാൻ പോകുന്നതുമായ വികസനമാണ് ജനങ്ങൾക്ക് അറിയേണ്ടതെന്ന് രാഹുൽ തുറന്നടിച്ചു. കോൺഗ്രസ് 91 തവണ വ്യക്തിപരമായി അപമാനിച്ചെന്ന് എണ്ണിപ്പറഞ്ഞ മോദിയെ, തിരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്ന് രാഹുൽ പരിഹസിച്ചു.

∙ ജനതാദളി (എസ്) ന്റെ ക്ഷീണവും നേട്ടം

ഇത്തവണ തിരഞ്ഞെടുപ്പിൽ ജനതാദളി (എസ്)നുണ്ടായ ക്ഷീണം നേട്ടമാക്കുന്നതിലും കോൺഗ്രസ് വിജയിച്ചു. ദളിന്റെ ഉറച്ച കോട്ടയായ ഓൾഡ് മൈസൂരുവിൽ കോൺഗ്രസ് നടത്തിയ തകർപ്പൻ മുന്നേറ്റം തന്നെ തെളിവ്. കർഷക– ന്യൂനപക്ഷ മേഖലയായ ഓൾഡ് മൈസൂരു പൊതുവെ ദൾ സ്വാധീന മേഖലയാണ്. ഇവിടെ കോൺഗ്രസ് വൻ മുന്നേറ്റമാണ് നടത്തിയത്. ഈ മേഖലയിൽ നിർണായക സ്വാധീനമുള്ള വൊക്കലിഗ സമുദായത്തെ ഒപ്പം നിർത്തിയുമാണ് കോൺഗ്രസ് നേട്ടം കൊയ്തത്. രാമനഗര, മണ്ഡ്യ, മൈസൂരു, ചാമരാജ്‌നഗർ, കുടക്, കോലാർ, തുമകുരു, ഹാസൻ ജില്ലകളിൽ സമുദായവോട്ട് നിർണായകമായി. വൊക്കലിഗർ പരമ്പരാഗതമായി ദേവെ ഗൗഡ കുടംബത്തെ പിന്തുണയ്ക്കുന്നവരാണ്.

കൂടുതൽ ചിത്രങ്ങൾ കാണാം
ജനതാദളിൽ നിന്ന് ഒരുപിടി നേതാക്കളെ അടർത്തിയെടുത്തതും നിർണായകമായി. കനകപുരയിൽ കഴിഞ്ഞ തവണ ഡി.കെ.ശിവകുമാറിനെതിരെ മത്സരിച്ച നാരായണ ഗൗഡ ഉൾപ്പെടെ ഇത്തവണ കോൺഗ്രസ് പാളയത്തിലായിരുന്നു. ദൾ നേതാവായ പ്രഭാകർ റെഡ്ഡിയും ഗൗഡയ്‌ക്കൊപ്പം കോൺഗ്രസിനൊപ്പം ചേർന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്നുളള അതൃപ്തിയാണ് കോൺഗ്രസ് മുതലെടുത്തത്.

∙ ‘കൈ’കൊടുത്ത് ന്യൂനപക്ഷങ്ങൾ

ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ കാട്ടിയ മികവും തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുസ്‍ലിം സമുദായത്തിനുള്ള 4 ശതമാനം സംവരണം റദ്ദാക്കിയതിലൂടെ ബിജെപി തന്നെ കോൺഗ്രസിന് ന്യൂനപക്ഷങ്ങളിലേക്ക് പാലമിട്ടുകൊടുത്തു. ബജ്റങ്ദളിനെ നിരോധിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തിലൂടെ കോൺഗ്രസ് ആ പാലം ഒന്നുകൂടി ഉറപ്പിച്ചു.

ഇതിനൊപ്പം, മുസ്‍ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനവും ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചുവെന്ന് വ്യക്തം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിർദേശപ്രകാരമാകും തുടർ തീരുമാനങ്ങൾ എന്നും പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കിയിരുന്നു.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor

ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകും, കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ഞെട്ടിത്തോട് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പകരം വീട്ടുമെന്നും മാവോയിസ്റ്റുകൾ; തിരുനെല്ലിയിൽ പോസ്റ്റര്‍

Aswathi Kottiyoor
WordPress Image Lightbox