തിരുവനന്തപുരം: കുത്തേറ്റ ഡോ. വന്ദന ദാസിന്റെ ജീവൻ രക്ഷിക്കാനുളള സംവിധാനങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും അതിനാൽ അടിയന്തര ചികിത്സ ലഭിച്ചില്ലെന്നും സഹപാഠികളായ ഡോക്ടർമാർ. കൊലയാളിയായ ജി.സന്ദീപിനെ പരിശോധിച്ചതിനു ശേഷം ആ വിവരങ്ങൾ ധരിപ്പിക്കാൻ വന്ദന മെഡിക്കൽ ഓഫിസറെ അടുത്തേക്കു പോയി.
ഈ സമയത്താണു സന്ദീപ് ഹോം ഗാർഡിനെ ആക്രമിച്ചത്. സന്ദീപ് അക്രമാസക്തനായ വിവരം അറിയാതെ പുറത്തു വന്ന വന്ദന കൊലയാളിയുടെ മുന്നിൽപെട്ടു. ആയുധം കയ്യിൽ ഒളിപ്പിച്ചതും പൊലീസിനെ കണ്ടപ്പോൾ ഉപേക്ഷിച്ചതും പ്രതി പൂർണ ബോധത്തോടെയാണു കൊല നടത്തിയെന്നതിനു തെളിവാണെന്നു ഡോക്ടർമാർ പറഞ്ഞു.
വന്ദനയെയും എടുത്തുകൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് ഓടേണ്ടിവന്നത് എങ്ങനെയെന്നു ചിന്തിക്കണമെന്നു സഹപാഠിയായ ഡോ.നാദിയ പറഞ്ഞു. പൊലീസിനു ഗുരുതര വീഴ്ച പറ്റി. വന്ദന കുത്തേറ്റു വീണപ്പോൾ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണു കൊണ്ടുപോയത്. അവിടെ നിന്നു വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ശ്വാസകോശത്തിനു മുറിവു സംഭവിച്ച ആൾക്കു പ്രാഥമിക ചികിത്സ നൽകാനുളള സംവിധാനം പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നു ഡോ.റുഫിൻ പറഞ്ഞു. വന്ദന കൊലക്കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.