ബിനാലെ വസന്തം കൊടിയിറങ്ങിയ ഫോർട്ട് കൊച്ചി ഇനി കേരള യുവതയുടെ സർഗോത്സവവേദിയാകും. ലോകോത്തര എഴുത്തുകാരും കലാകാരന്മാരും സംഗമിക്കുന്ന മൂന്ന് വേദികളിൽ വെള്ളി രാവിലെ 10ന് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് അരങ്ങുണരും. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാര സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫോർട്ട് കൊച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ‘മുസിരിസ്’ വേദിയിൽ വെള്ളി വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യാഴം വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കെ ജെ മാക്സി എംഎൽഎ പതാക ഉയർത്തി. ഫോർട്ടു കൊച്ചി കടപ്പുറത്ത് ആരംഭിച്ച പുസ്തകോത്സവം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. ഫോർട്ട് കൊച്ചി സൗത്ത് ബീച്ചുമുതൽ വാസ്‌കോ ഡ ഗാമ സ്‌ക്വയർവരെയുള്ള സ്ഥലത്ത് പ്രത്യേകം തയ്യാറാക്കുന്ന മുസിരിസ്, കൊച്ചിൻ, പെരിയാർ എന്നീ വേദികളിലായി മൂന്നുദിവസംകൊണ്ട് 72 സെഷനുകൾ സംഘടിപ്പിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള സാഹിത്യകാരന്മാർ, കലാകാരന്മാർ, രാഷ്ട്രീയനേതാക്കൾ, സിനിമ–-നാടക പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ ഫെസ്റ്റിവലിന്റെ ഭാഗമാകും. എഴുത്തുകാരായ അരുന്ധതി റോയ്, ഗീതാഞ്ജലി ശ്രീ, ലക്ഷ്മൺ ഗെയ്ക്‌വാദ്, എൻ എസ് മാധവൻ, സക്കറിയ, സച്ചിദാനന്ദൻ തുടങ്ങിയവർ മുഖ്യാതിഥികളാകും.
വെള്ളി വൈകിട്ട് അഞ്ചിന് കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. ജി എസ് പ്രദീപ് നയിക്കുന്ന ‘മെഗാ വൈഎൽഎഫ് ജീനിയസ്–-23’ പരിപാടി ശനിയാഴ്ച നടക്കും. സാഹിത്യമത്സരങ്ങൾ വാസ്‌കോ ഡ ഗാമ സ്ക്വയറിൽ നടക്കും. ഞായർ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.