മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരസ്യം നൽകുക, സിനിമയിലെ മദ്യപാന ദൃശ്യത്തിൽ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന മുന്നറിയിപ്പ് നൽകാതിരിക്കുക എന്നീ കുറ്റകൃത്യങ്ങൾ കോടതിയിലെത്താതെ തീർക്കുന്നതിന് അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തും. കോടതിയിൽ എത്താതെ നിശ്ചിത തുകയൊടുക്കി ശിക്ഷയിൽനിന്ന് ഒഴിവാകാൻ സാധിക്കുന്ന കോംപൗണ്ടിങ് കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഇവ ഉൾപ്പെടുത്തി നിയമഭേദഗതി വരുത്തുന്നതിനുള്ള കരടു ബില്ലിനു മന്ത്രിസഭ അനുമതി നൽകി. 50,000 രൂപയായിരിക്കും കോംപൗണ്ടിങ് ഫീസ്.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയാൽ 6 മാസം വരെ തടവും 25,000 രൂപ വരെ പിഴയുമാണു നിലവിൽ ശിക്ഷ. സിനിമയിലെയും ടിവിയിലെയും മദ്യപാന ദൃശ്യങ്ങളിൽ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’എന്ന് എഴുതിക്കാണിക്കാത്തവർക്ക് ആറു മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാം.